Breaking News

Trending right now:
Description
 
Aug 25, 2017

കേന്ദ്രസര്‍ക്കാരിന്‌ തിരിച്ചടി: സ്വകാര്യത മൗലികാവകാശമെന്ന്‌ സുപ്രീംകോടതി

image വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമാണെന്നു ചീഫ്‌ ജെസ്റ്റീസ്‌ ജെ.എസ്‌.കേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതിയുടെ ചരിത്രപ്രധാന വിധി. ഒമ്പതംഗബെഞ്ചിന്റെ ഈ വിധി കേന്ദ്രസര്‍ക്കാരിന്‌ രണ്ടുവിധത്തില്‍ തിരിച്ചടിയായി. സ്വകാര്യത മൗലികാവകാശമല്ല എന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം ഇതോടെ തള്ളപ്പെട്ടു. അതോടൊപ്പം എല്ലാ മേഖലയിലം ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനും താല്‍ക്കാലിക തടസമുണ്ടാവുകയും ചെയ്‌തു. സ്വകാര്യതയെ ഹനിക്കുന്ന നിയമനിര്‍മാണം ഇനി അനുവദിക്കില്ലെന്നും ഒമ്പതംഗ ബെഞ്ച്‌ ഏകകണ്‌ഠമായി വ്യക്തമാക്കി. സ്വകാര്യത മൗലികാവകാശമല്ലെന്നു നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെയും വാദങ്ങള്‍ കോടതി തള്ളി. സ്വകാര്യത എന്നതു ഭരണഘടനാനുസൃതമല്ലെന്ന എം.പി.ശര്‍മ, ഖരക്‌ സിംഗ്‌ കേസുകളിലെ മുന്‍വിധികള്‍ മറികടന്നാണു സുപ്രീംകോടതി വിധിപറഞ്ഞത്‌. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണ്‌ സ്വകാര്യത. ഇത്‌ ജീവിക്കാനുള്ള അവകാശമായും വ്യക്തിസ്വാതന്ത്ര്യവുമായും നൈസര്‍ഗികമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമാണ്‌ സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്‌. സാമൂഹികക്ഷേമ പദ്ധതികള്‍ക്ക്‌ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതു ചോദ്യംചെയ്‌തു ജസ്‌റ്റീസ്‌ കെ.എസ്‌.പട്ടുസ്വാമിയും മറ്റും നല്‍കിയ ഹര്‍ജികളുടെ പശ്ചാത്തലത്തിലാണ്‌ കോടതി ഇടപെടല്‍.