Breaking News

Trending right now:
Description
 
Aug 23, 2017

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

image നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ പള്‍സര്‍സുനി പല കഥകളും പറയുന്നതുപോലെ നടന്‍ ദിലീപിന്റെ പേരും പറയുകയാണെന്നു ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഗൂഢാലോചനയെന്ന പൊലീസിന്റെ ആരോപണം തെറ്റാണെന്നും വാദിച്ചു. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. ഒരു തെളിവുമില്ലാതെയാണ്‌ ദിലീപിനെ അറസ്റ്റു ചെയ്‌തതെന്നും കഴിഞ്ഞതവണ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പൊലീസ്‌ നിരത്തിയ വാദങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഇന്നലെ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സുനിലും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കുമെന്ന്‌ അഭിഭാഷകന്‍ ചോദിച്ചു. സാക്ഷികളെ ഉണ്ടാക്കാന്‍ പൊലീസ്‌ കഥ മെനയുകയാണ്‌. ഉപദ്രവിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ്‌ കേസിലെ സാക്ഷികള്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെടുക്കാനാണെന്നു പറഞ്ഞ്‌ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കുന്നത്‌ ന്യായമല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ദിലീപിന്‌ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. വ്യക്തമായ തെളിവ്‌ ദിലീപിനെതിരെ ലഭിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ്‌ പ്രോസിക്യൂഷന്‍ നിലപാട്‌. കേസിലെ പ്രധാന തെളിവുകള്‍ മുദ്രവച്ച കവറില്‍ പൊലീസ്‌ കോടതിക്കു കൈമാറി. അതിനിടെ ആക്രമിക്കപ്പെട്ട നടിയുടെ പേര്‌ വാദത്തിനിടെ പറഞ്ഞ പ്രതിഭാഗത്തെ കോടതി താക്കീത്‌ ചെയ്‌തു.