Breaking News

Trending right now:
Description
 
Aug 23, 2017

സ്വാമി ഉദിത്‌ ചൈതന്യ ന്യൂയോര്‍ക്കില്‍

image ഭാഗവതം വില്ലേജ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ 'ദൃക്‌ ദൃശ്യ വിവേകം' യജ്ഞത്തിന്‌ തുടക്കമായി. ക്യൂന്‍സ്‌ ബ്രാഡോക്ക്‌ അവന്യൂല്‍ സ്ഥിതിചെയ്യുന്ന നായര്‍ ബെനവലന്റ്‌ അസോസിയേഷന്‍ ആസ്ഥാനത്ത്‌ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്വാമി ഉദിത്‌ ചൈതന്യയ്‌ക്ക്‌ വന്‍ സ്വീകരണമാണ്‌ നല്‍കിയത്‌. ആചാര്യന്മാരില്‍നിന്നു വിശിഷ്ടഗ്രന്ഥങ്ങള്‍ കേള്‍ക്കുകയും സാധനയിലൂടെ സ്വയം പരിവര്‍ത്തനം ചെയ്യുകയുമാണ്‌ നമ്മുടെ ധര്‍മമെന്നു സ്വാമി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ആത്മധൈര്യം നമ്മളില്‍ ഓരോരുത്തരിലും അന്തര്‍ലീനമാണ്‌. അതിനായി സ്വന്തം ചിന്തകളെ വിശകലനം ചെയ്യാനും നേര്‍വഴിക്കു നയിക്കാനും നമ്മള്‍ ഓരോരുത്തര്‍ക്കും സാധിക്കണം. ആദിശങ്കരാചാര്യന്‍ രചിച്ച 'ദൃക്‌ ദൃശ്യ വിവേകം' ഗ്രന്ഥം ഉപനിഷത്തുകള്‍ സാധാരണക്കാരന്‌ വേദ്യമാക്കാനുള്ള വഴിയാണിതെന്ന്‌ സ്വാമി പറഞ്ഞു.

ഗായിക അനിത കൃഷ്‌ണയുടെ സംഗീത കച്ചേരി ശ്രദ്ധേയമായി. കൃഷ്‌ണപ്രയാഗ, സന്ദീപ്‌ അയ്യര്‍, രംഗശ്രീ റാംജി എന്നിവര്‍ പക്കവാദ്യമൊരുക്കി. പരിപാടികള്‍ക്ക്‌ ഡോ.ഉണ്ണികൃഷ്‌ണന്‍ തമ്പി, റാം പോറ്റി, ഗോപിനാഥ്‌ കുറുപ്പ്‌, കുന്നപ്പള്ളില്‍ രാജഗോപാലനം ജയപ്രകാസ്‌ നായര്‍, ജി.കെ.നായര്‍, രഘുനാഥന്‍ നായര്‍, ബാഹുലേയന്‍ രാഘവന്‍, സതീഷ്‌ കാലത്ത്‌, രഘുവരന്‍നായര്‍, വനജാ നായര്‍, ഡോ.നിഷ പിള്ള, താമര രാജീവ്‌, താരസായി, വാസന്തി രാജ്‌മോഹന്‍, ചിത്രജ ചന്ദ്രമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യജ്ഞം 26നു സമാപിക്കും. കുട്ടികള്‍ക്കുവേണ്ടി എല്ലാ ദിവസവും വൈകിട്ട്‌ അഞ്ചുമുതല്‍ ആറുവരെ പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും. ആറു മുതല്‍ 6.30വരെ ചോദ്യോത്തരവേള. തുടര്‍ന്ന്‌ 8.30വരെ സ്വാമിജി പൊതുപ്രഭാഷണം നടത്തും. ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാമെന്നു ഭാരവാഹികള്‍ അറിയിച്ചു.