Breaking News

Trending right now:
Description
 
Aug 23, 2017

വരാപ്പുഴ പീഡനക്കേസ്‌: ശോഭാജോണിന്‌ എട്ടുവര്‍ഷം കഠിനതടവ്‌

image പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പലര്‍ക്കും കാഴ്‌ചവച്ചു പണംവാങ്ങിയ വരാപ്പുഴ പീഡനക്കേസിലെ മുഖ്യപ്രതി തിരുവനന്തപുരം തിരുമല സ്വദേശി ശോഭാജോണിനു (43) എട്ടുവര്‍ഷം കഠിനതടവിന്‌ എറണാകുളം അഡീഷനല്‍ സെഷന്‍സ്‌ കോടതി വിധിച്ചു. 1.11ലക്ഷം രൂപയും പിഴയൊടുക്കണം. വിവിധ വകുപ്പുകളില്‍ 18വര്‍ഷം തടവുശിക്ഷയാണ്‌ വിധിച്ചതെങ്കിലും ഒരുമിച്ച്‌ എട്ടുവര്‍ഷം അനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ ഒരുലക്ഷം രൂപ പീഡനത്തിനു ഇരയായ പെണ്‍കുട്ടിക്കു നല്‍കുകയും വേണം. ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ കേരളത്തിലെ ആദ്യ വനിതാ കുറ്റവാളിയാണ്‌ ശോഭാ ജോണ്‍. കേസിലെ എട്ടാം പ്രതിയും ആര്‍മി മുന്‍ ഓഫിസറുമായ ജയരാജന്‍ നായര്‍ക്ക്‌ (73) വിവിധ വകുപ്പുകളില്‍ 11 വര്‍ഷം കഠിന തടവിനും 1.01 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച്‌ എട്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പീഡനം, അന്യായമായി തഞ്ഞുവയ്‌ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. വരാപ്പുഴയിലെ വാടകവീട്‌ കേന്ദ്രീകരിച്ച്‌ 2011 മാര്‍ച്ചിലാണ്‌ ശോഭാ ജോണിന്റെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തിയത്‌. കേസിലെ അഞ്ചുപ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു. മറ്റൊരു പ്രതി വിചാരണക്കിടെ മരിച്ചു.