Breaking News

Trending right now:
Description
 
Aug 23, 2017

മുത്തലാഖിന്‌ സുപ്രീംകോടതി വിലക്ക്‌; വിധി നടപ്പാക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

image മുസ്ലീം പുരുഷന്മാര്‍ ഒറ്റയിരുപ്പില്‍ മൂന്നുതവണ തലാഖ്‌ (മുത്തലാഖ്‌) ചൊല്ലി വിവാഹമോചനം നേടുന്ന രീതി ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്നു സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി. മുത്തലാഖിന്‌ ആറുമാസത്തേക്ക്‌ കോടതി വിലക്കും ഏര്‍പ്പെടുത്തി. അതേസമയം, സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷവിധിയില്‍ നിയമനിര്‍മാണം വേണമെന്നു പറയുന്നില്ലെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌ വ്യക്തമാക്കി. കേസില്‍ വാദം നടക്കവേ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്‌ മുത്തലാഖ്‌ നിയമവിരുദ്ധമാണെന്നു കോടതി വിധിച്ചാല്‍ മൂസ്ലീം വിവാഹം, വിവാഹമോചനം തുടങ്ങിയവ സംബന്ധിച്ചു പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്നാണ്‌. ഒറ്റയടിക്ക്‌ മുത്തലാഖ്‌ ചൊല്ലി വിവാഹമോചനം നേടുന്നത്‌ നിയമപരമല്ലെന്നു ഭരണഘടനാ ബെഞ്ചിലെ മലയാളിയായ ജഡ്‌ജി കുര്യന്‍ ജോസഫ്‌, ജഡ്‌ജിമാരായ യു.യു.ലളിത്‌, റോഹിന്റന്‍ നരിമാന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25-ാം വകുപ്പില്‍ മുത്തലാഖ്‌ പോലുള്ള തീര്‍ത്തും ഏകപക്ഷീയവും വിവേചനപരവുമായ രീതി സംരക്ഷിക്കപ്പെടില്ലെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍, മുത്തലാഖ്‌ മുസ്ലീം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്നും അതു മതസ്വാതന്ത്ര്യപരമായ മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും ചീഫ്‌ ജസ്റ്റീസ്‌ ജെ.എസ്‌. ഖെഹാറും ജസ്റ്റീസ്‌ എസ്‌. അബ്ദുള്‍ നസീറും നിലപാടെടുത്തു. ആറുമാസത്തേക്കു മുത്തലാഖ്‌ നിര്‍ത്തിവയ്‌ക്കണമെന്നും അതിനകം സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌ നിയമമുണ്ടാക്കണം. ആറുമാസത്തിനകം നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിനു കഴിഞ്ഞില്ലെങ്കില്‍ മുത്തലാഖിനുള്ള നിരോധനം തുടരുമെന്നും ചീഫ്‌ ജസ്റ്റീസ്‌ വ്യക്തമാക്കി.