Breaking News

Trending right now:
Description
 
Aug 22, 2017

അണ്ണാ ഡിഎംകെയില്‍ ഇനി ഐക്യം

image ആറുമാസത്തെ പിണക്കത്തിനുശേഷം അണ്ണാ ഡിഎംകെയില്‍ ഐക്യത്തിന്‌ വേദിയായി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ അമ്മ വിഭാഗവും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം നേതൃത്വ നല്‍കുന്ന അണ്ണാ ഡിഎംകെ പുരട്‌ചി തലൈവി വിഭാഗവും ലയിച്ചു. പനീര്‍ശെല്‍വം ഉപ മുഖ്യമന്ത്രിയായി. ധനവകുപ്പും പനീര്‍ശെല്‍വത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ പക്ഷത്തെ കെ.പാണ്ഡ്യരാജനും മന്ത്രിയായി. ഗവര്‍ണര്‍ സി.എച്ച്‌.വിദ്യാസാഗര്‍റാവു ഇരുവര്‍ക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബിജെപി പച്ചക്കൊടി കാട്ടിയതോടെ നടന്ന ഇരുവിഭാഗത്തിന്റെയും ലയനം, അണ്ണാ ഡിഎംകെയ്‌ക്ക്‌ എന്‍ഡിഎയിലേക്കും കേന്ദ്ര മന്ത്രിസഭയിലേക്കും വഴിതുറന്നുകഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്‌മൃതിമണ്ഡപത്തില്‍ പളനിസ്വാമിയും പനീര്‍ശെല്‍വവും ഒരുമിച്ചെത്തി പുഷ്‌പാര്‍ച്ചന നടത്തിയിരുന്നു. ഇതിനുശേഷം പാര്‍ട്ടി ആസ്ഥാനത്തായിരുന്നു ലയന പ്രഖ്യാപനം. പിളര്‍പ്പിനെ തുടര്‍ന്ന്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ മരവിപ്പിച്ച രണ്ടില ചിഹ്നം വീണ്ടെടുക്കാനുള്ള ശ്രമം നടത്തുമെന്നും ഇരുവരും വ്യക്തമാക്കി. ഒരാള്‍ക്കും തങ്ങളെ വേര്‍പിരിക്കാനാവില്ലെന്നും അമ്മയുടെ മക്കളായ തങ്ങള്‍ സഹോദരങ്ങളാണെന്നും ലയനപ്രഖ്യാപനത്തിനുശേഷം പനീര്‍ശെല്‍വം വ്യക്തമാക്കി. ദിനകരം പക്ഷം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചിരുന്നു.