Aug 20, 2017
എട്ടുകോടിയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു
ദേശീയ പാതയില്‍ കായംകുളം കൃഷ്ണപുരത്തിനുസമീപം പൊലീസ് നടത്തിയ
വാഹനപരിശോധനയ്ക്കിടെ എട്ടുകോടിയുടെ അസാധുനോട്ടുകള്‍ രണ്ടു
കാറുകളില്‍നിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്
അറസ്റ്റിലായി. പിടിച്ചെടുത്ത രണ്ടുകാറുകളില്‍ 7,92,38,000 രൂപയുടെ
നിരോധിക്കപ്പെട്ട 1000, 500 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്.
നോട്ടുകെട്ടുകള്‍ ചാക്കുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും
സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരുവാഹനം പരിശോധനയ്ക്കിടെ കടന്നുകളഞ്ഞു.
കോയമ്പത്തൂരില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നും ശേഖരിച്ച നോട്ടുകള്‍
കായംകുളം സ്വദേശിക്കു നല്കി പകരം പുതിയ നോട്ടുകള്‍ വാങ്ങാന്‍
എത്തിയതാണെന്നു പിടിയിലായവര്‍ പൊലീസിനു മൊഴിനല്‍കി. അറസ്റ്റിലായ
കോഴിക്കോട് കൊടുവള്ളി മങ്കുഴിയില്‍ മുഹമ്മദ് നൗഷാദ് (35), പാലക്കാട്
സ്വദേശികളായ ദാറുല്‍മനാര്‍ മുഹമ്മദ് ഹാരിസ് (53), ആലത്തൂര്‍ എരുമയൂര്‍
വടക്കുംപുറം പ്രകാശ് (52), എരമയൂര്‍ ഇറയന്ചിറ അബ്ദുല്‍ റഫീക് (37),
കുട്ടാല കുന്നിശേരി അഷ്റഫ് (30) എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.