Breaking News

Trending right now:
Description
 
Aug 19, 2017

യുദ്ധസന്നാഹം: കൂടുതല്‍ ഇന്ത്യന്‍ സൈന്യം ചൈന അതിര്‍ത്തിയിലേക്ക്‌

image ദോക്‌ ലായില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യ കൂടുതല്‍ സൈന്യത്തെ ചൈന അതിര്‍ത്തിയിലേക്കു നീക്കിത്തുടങ്ങി. ടാങ്‌ടോക്കില്‍നിന്നു 17-ാം ഡിവിഷനെയും കലിപോങ്ങില്‍നിന്ന്‌ 27-ാം ഡിവിഷനെയുമാണ്‌ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്‌. അതേസമയം, സൈന്യത്തെ കൂടുതല്‍ എത്തിക്കുന്നതില്‍ അസാധാരണമൊന്നുമില്ലെന്നാണ്‌ സൈനിക അധികൃതരുടെ നിലപാട്‌. സൈനിക പരിശീലനത്തിന്റെ ഭാഗമാണിതെന്നും പറയുന്നു. എന്നാല്‍, ദോക്‌ ലാ അതിര്‍ത്തി വ്യക്തമായി വേര്‍തിരിച്ചതാണെന്നും അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ സൈന്യം പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്‌. ചൈനയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനപരമായ അന്തരീക്ഷം സംജാതമാകണമെന്നു ഇന്ത്യ മുന്നറിയിപ്പുനല്‍കി.സത്‌ ലജ്‌, ബ്രഹ്മപുത്രനദികളിലെ വെള്ളം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നതിനു കരാറുണ്ടെങ്കിലും ഈവര്‍ഷം ചൈന വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്താവ്‌ ചൂണ്ടിക്കാട്ടി. ഇതിനിടെ നിരുത്തരവാദപരമായ പ്രസ്‌താവനകള്‍ നടത്തരുതെന്ന്‌ ജപ്പാന്‌ ചൈന മുന്നറിയിപ്പു നല്‍കി. ദോക്‌ ലാ വിഷയത്തില്‍ ജപ്പാന്‍ കഴിഞ്ഞദിവസം ഇന്ത്യയ്‌ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദോക്‌ ലാ തര്‍ക്കസ്ഥലമായതിനാല്‍ തല്‍സ്ഥിതി ആരും ലംഘിക്കരുതെന്നു ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കെന്‍ജി ഹിര്‍മാത്‌ സു വ്യക്തമാക്കുകയും ചെയ്‌തു. ഇതാണ്‌ ചൈനയെ പ്രകോപിപ്പിച്ചത്‌.