Breaking News

Trending right now:
Description
 
Aug 18, 2017

രാജീവ്‌ ഗാന്ധി വധം: ബോംബ്‌ എവിടെ നിര്‍മിച്ചുവെന്ന്‌ കോടതി

image മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബ്‌ നിര്‍മാണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിവരം നല്‍കണമെന്നു സുപ്രീംകോടതി. ബോംബ്‌ നിര്‍മിച്ചതിലും വിതരണം ചെയ്‌തതിനും പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചാണ്‌ കോടതി ആരാഞ്ഞത്‌. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കണം-കോടതി ആവശ്യപ്പെട്ടു. കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എ.ജി.പേരറിവാളന്റെ ഹര്‍ജിയിലാണ്‌ ജസ്റ്റീസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചനയുടെ വശം വേണ്ടവിധം അന്വേഷിച്ചില്ലെന്നാണ്‌ പേരറിവാളന്റെ വാദം. രാജീവ്‌ ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണ പുരോഗതിയെക്കുറിച്ചും കോടതി ചോദിച്ചു. കേസ്‌ വീണ്ടും അടുത്ത ബുധനാഴ്‌ച വീണ്ടും പരിഗണിക്കും. രാജീവ്‌ ഗാന്ധിയുടെ മരണത്തിനിടയാക്കിയ ബെല്‍റ്റ്‌ ബോംബിന്‌ ആവശ്യമായ ബാറ്ററികള്‍ നല്‍കിയെന്നതാണ്‌ പേരറിവാളിനെതിരെ ചുമത്തപ്പെട്ട കുറ്റം. പേരറിവാളനെ ആദ്യം വധശിക്ഷയ്‌ക്കു വിധിച്ചെങ്കിലും നടപ്പാക്കാന്‍ വൈകിയതു പരിഗണിച്ചു ജീവപര്യന്തമായി കുറയ്‌ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേസില്‍ ആരാണ്‌ ബോംബ്‌ നിര്‍മിച്ചതെന്നോ വിതരണം ചെയ്‌തതെന്നോ അന്വേഷണസംഘം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നു പേരറിവാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഗൂഢാലോചന പുറത്തുവന്നാല്‍ തന്റെ കക്ഷിയുടെ നിരപരാധിത്വം വ്യക്തമാകുമെന്നും അദ്ദേഹം വാദിച്ചു.