Breaking News

Trending right now:
Description
 
Jan 25, 2013

അമിതവണ്ണക്കാരെ കാണണോ? കൊച്ചിയിലേക്കുവരൂ

image കൊച്ചിയില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. ഇവിടുത്തെ ജനസംഖ്യയുടെ 46 ശതമാനവും അമിതവണ്ണമുള്ളവരാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണുവേണ്ടി എസി നീല്‍സെന്‍ 11 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ 13 ശതമാനം അമിതവണ്ണമുള്ളവരും 11 ശതമാനം അനാരോഗ്യകരമായ പൊണ്ണത്തടിയുള്ളവരും കൊച്ചി സ്വദേശികളാണെന്നു കണ്ടെത്തിയെന്ന്‌ സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തിയ സണ്‍റൈസ്‌ ഗ്രൂപ്പ്‌ ഓഫ്‌ ഹോസ്‌പിറ്റല്‍സ്‌ ഡയറക്‌ടറും സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ സര്‍ജനുമായ ഡോ. ആര്‍. പത്മകുമാറും അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ കണ്‍സള്‍ട്ടന്റ്‌ സര്‍ജന്‍ ഡോ. ഒ.വി. സുധീറും പറഞ്ഞു. ചെന്നൈയാണ്‌ ഇതിനു തൊട്ടുപിന്നില്‍ നില്‍ക്കുന്നത്‌. വിവിധ സാമൂഹിക വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ശാസ്‌ത്രീയമായ സാമ്പിളിങ്ങിലൂടെ 8,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ പഠനം നടത്തിയത്‌. മൊത്തം 5,988 കുടുംബങ്ങളെ പഠനത്തില്‍ പങ്കെടുപ്പിച്ചു. 

കൊച്ചിയില്‍നിന്നു വിവിധ സാമൂഹിക ഘടകങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കിക്കൊണ്ട്‌ 402 കുടുംബങ്ങളെയാണ്‌ പങ്കെടുപ്പിച്ചത്‌. സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം കൊച്ചിക്കാരും അവരുടെ ആനുപാതിക ശരീരഭാരത്തെക്കാള്‍ തൂക്കം കൂടുതലുള്ളവരാണ്‌. അവരില്‍തന്നെ ഏഴു ശതമാനം അനാരോഗ്യകരമാംവിധം പൊണ്ണത്തടി ഉള്ളവരുമാണ്‌. ഏറ്റവും അപകടകരമായ ഒരു വസ്‌തുത ആനുപാതിക ശരീരഭാരത്തെക്കാള്‍ തൂക്കം കൂടുതലുള്ളവരില്‍ 80 ശതമാനം ഏതെങ്കിലും ഒരു രോഗം ഉള്ളവരാണെന്നതാണ്‌. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, വര്‍ധിത കൊളസ്‌ട്രോള്‍, ഉറക്കമില്ലായ്‌മ, വന്ധ്യത, കാന്‍സര്‍, സന്ധിവേദന അങ്ങനെ നീളുന്നു ഈ രോഗങ്ങളുടെ പട്ടിക. കൊച്ചിയിലെ പൊണ്ണത്തടിയന്‍മാരില്‍ 17 ശതമാനവും ഇതില്‍ നിന്നു മോചിതരാവാന്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല ഭാവിയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 
 
അമിതവണ്ണമുള്ളവരില്‍ 40 ശതമാനമെങ്കിലും പ്രമേഹബാധിതരാണ്‌. മറ്റ്‌ 40 ശതമാനം പേര്‍ രക്താതിസമ്മര്‍ദമുള്ളവരും.അമിതവണ്ണമുള്ളവര്‍ ശസ്‌ത്രക്രിയകളെകുറിച്ച്‌ ബോധവാന്‍മാരാണെന്നു ഡോ. സുധീര്‍ ചൂണ്ടിക്കാട്ടി. തന്റെ അനുഭവത്തില്‍ ശസ്‌ത്രക്രിയ വഴി ശരീരഭാരം കുറച്ച്‌ 70 ശതമാനം പേരുടെയും രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. അമിതഭാരം ഉള്ളവര്‍ കരുതുന്നത്‌ എണ്ണയും കൊഴുപ്പുമുള്ള ആഹാരവും ക്രമരഹിതമായ ആഹാരസ്വഭാവവും അമിതഭക്ഷണവുമാണു പൊണ്ണത്തടിക്ക്‌ കാരണമെന്നാണ്‌. എന്നാല്‍ ഈ ധാരണ പൂര്‍ണമായും ശരിയല്ല. ഭക്ഷണം ഒരു ഘടകമാണെങ്കിലും ജനിതക ഘടകങ്ങള്‍, മെറ്റബോളിസം, ഹോര്‍മോണ്‍ എന്നിവയും മറ്റു ഘടകങ്ങളാണെന്നും ഡോ. ഒ.വി. സുധീര്‍ പറഞ്ഞു.