Breaking News

Trending right now:
Description
 
Aug 15, 2017

പി.സി.ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി

image അക്രമത്തിന്‌ ഇരയായ നടിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി.സി.ജോര്‍ജ്‌ എംഎല്‍എയ്‌ക്കെതിരെ കുരുക്കു മുറുകുന്നു. പി.സി.ജോര്‍ജിനെതിരെയുള്ള പരാതി വ്യക്തമാക്കുന്ന നടിയുടെ കത്താണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ലഭിച്ചത്‌. സ്‌ത്രീകളുടെ ആശ്രയവും പ്രതീക്ഷയുമായ വനിതാകമ്മീഷനെവരെ അവഹേളിച്ചുകൊണ്ടുള്ള പി.സി.ജോര്‍ജിന്റെ നിലപാട്‌ അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം ആക്ഷേപങ്ങള്‍ കേസിന്റെ വിധിനിര്‍ണയത്തെവരെ സ്വാധീനിച്ചേക്കാമെന്നും കത്തില്‍ പറയുന്നുണ്ട്‌. പി.സി.ജോര്‍ജ്‌ ആക്ഷേപിച്ചതുപോലെ ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന്‌ താന്‍ ഷൂട്ടിങിന്‌ പോയിട്ടില്ലെന്നും നടി വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തകനും ജനപ്രതിനിധിയുമായ പി.സി.ജോര്‍ജ്‌ എന്നെക്കുറിച്ച്‌ അങ്ങേയറ്റം അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ സംസ്ഥാനത്തിന്റെ ഭരണാധിപന്‍ എന്ന നിലയില്‍ ഈ കുറിപ്പ്‌ എഴുതുന്നതെന്നും നടി കത്തില്‍ പറയുന്നുണ്ട്‌.

സര്‍, ഞാന്‍ സിനിമയില്‍ അഭിനയിച്ച്‌ ഉപജീവനം നടത്തുന്ന ആളാണ്‌. തൊഴില്‍ ചെയ്യാതെ ജീവിക്കുക അസാധ്യമാണ്‌. ഇത്രയുമൊക്കെ എന്റെ ജീവിതത്തില്‍ സംഭവിച്ചുവെന്നതിന്റെ പേരില്‍ അപമാനിതനായി എന്ന തോന്നലില്‍ ജീവിതം ഒടുക്കാന്‍ എനിക്കാവില്ല. ഞാനല്ല അപമാനിക്കപ്പെട്ടത്‌. എന്നെ ആക്രമിച്ചവരുടെ മാനമാണ്‌ ഇല്ലാതായത്‌. പി.സി.ജോര്‍ജിനെപ്പോലുള്ളവര്‍ ഞാന്‍ എന്തുചെയ്യുമെന്നാണ്‌ കരുതുന്നത്‌? സംഭവത്തിനുശേഷം ഒരാഴ്‌ചയോളം വീട്ടിലടച്ചിരുന്ന സമയത്ത്‌ സിനിമയുടെ സംവിധായകനും നിര്‍മാതാവും പ്രധാന നടനും എന്റെ സുഹൃത്തുക്കളും എന്നെ വിളിച്ച്‌ മടങ്ങി ചെല്ലണമെന്നും ജോലിയില്‍ തുടരണമെന്നും നിര്‍ബന്ധിച്ചിരുന്നു. പത്തുദിവസം കഴിഞ്ഞാണ്‌ സിനിമയുടെ രണ്ടുദിവസത്തെ ഷൂട്ടിങിനു പോയത്‌. സഹപ്രവര്‍ത്തകരുടെ പ്രേരണയും പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ എനിക്ക്‌ സിനിമയിലേക്കുള്ള മടക്കം ഉണ്ടാകുമോയെന്നത്‌ സംശയമാണ്‌. കാര്യങ്ങള്‍ ഇതായിരിക്കെ നിജസ്ഥിതി അറിയാതെ സംസാരിക്കാന്‍ ഒരു ജനപ്രതിനിധിക്കു എങ്ങനെ കഴിയുന്നുവെന്നും നടി കത്തില്‍ ചോദിക്കുന്നു.