Breaking News

Trending right now:
Description
 
Aug 15, 2017

യോഗിക്കു മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്‌

image ഉത്തര്‍പ്രദേശിലെ ഗോരഖ്‌പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നവജാതശിശുക്കള്‍ അടക്കം 72 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ യോഗി ആദിത്യനാഥ്‌ സര്‍ക്കാരിന്‌ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്‌ അയച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥയാണ്‌ ദുരന്തത്തിന്‌ കാരണമായതെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷന്‍, ഒരുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ചീഫ്‌ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. മാധ്യമവാര്‍ത്തകള്‍ കണക്കിലെടുത്ത്‌ കമ്മീഷന്‍ സ്വമേധയാ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. സര്‍ക്കാര്‍ കുടിശിക വരുത്തിയതുമൂലം ഓക്‌സിജന്‍ നല്‍കിയിരുന്ന കമ്പനി ഓക്‌സിജന്‍ വിതരണം അവസാനിപ്പിച്ചതാണ്‌ കൂട്ടമരണത്തിന്‌ കാരണമായതെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്‌. ദുരന്തത്തിന്‌ ഇരയായ കുടുംബങ്ങളുടെ പുനരധിവാസം, കുറ്റക്കാര്‍ക്കെതിരെ നടപടി എന്നിവയുടെ വിശദമായ റിപ്പോര്‍ട്ടാണ്‌ കമ്മിഷന്‍ തേടിയിരിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത്രയും വലിയ കൂട്ടമരണം സംഭവിച്ചത്‌ ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള അവകാശത്തെ ലംഘിക്കുന്ന നടപടിയാണ്‌. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രശ്‌നത്തില്‍ ഇടപെടണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു.