Breaking News

Trending right now:
Description
 
Aug 15, 2017

മെഡിക്കല്‍ പ്രവേശനം: ഫീസ്‌ 11 ലക്ഷംവരെ ഈടാക്കാം

image എംബിബിഎസ്‌ പ്രവേശനത്തിന്‌ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക്‌ 11 ലക്ഷം രൂപവരെ ഫീസ്‌ ഈടാക്കാന്‍ സുപ്രീംകോടതി അനുമതി. പ്രവേശനം നേടുമ്പോള്‍ നല്‍കുന്ന 11 ലക്ഷത്തിലെ ആറുലക്ഷം ബാങ്ക്‌ ഗ്യാരന്റിയായോ പണമായോ നല്‍കാം. പണമായാണ്‌ ആറുലക്ഷം നല്‍കുന്നതെങ്കില്‍ മാനേജ്‌മെന്റ്‌ അത്‌ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം. ഫീസ്‌ സംബന്ധിച്ച കേസില്‍ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കും ആറു ലക്ഷത്തിന്റെ വിനിയോഗമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെ മാത്രമേ ഈ ഉത്തരവ്‌ നിലനില്‍ക്കുകയുള്ളൂ. മൂന്നുമാസത്തിനകം അന്തിമവിധി പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്കു നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച്‌ അംഗീകരിച്ചില്ല. ഫീസ്‌ നിര്‍ണയം, സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ എന്നിവയിലെ അന്തിമവാദം ഈമാസം 21നു നടക്കും. ഫീസ്‌ നിര്‍ണയസമിതി തീരുമാനിച്ച അഞ്ചുലക്ഷം രൂപ ഈടാക്കി സ്വാശ്രയ മെഡിക്കല്‍കോളജുകളില്‍ പ്രവേശനവുമായി മുന്നോട്ടു പോകാമെന്നാണ്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌. ഇതിനെതിരെ കോഴിക്കോട്‌ കെഎംസിടി കോളജ്‌, പറവൂര്‍ എസ്‌എന്‍ കോളജ്‌, സ്വാശ്രയ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ എന്നിവരാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.