Breaking News

Trending right now:
Description
 
Aug 14, 2017

ഗോരഖ്‌പുര്‍ ആശുപത്രിയില്‍ ഒമ്പത്‌ കുട്ടികള്‍കൂടി മരിച്ചു

image ഉത്തര്‍പ്രദേശിലെ ഗോരഖ്‌പുരിലുള്ള ബാബ രാഘവ്‌ദാസ്‌ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ ഞായറാഴ്‌ച ഒമ്പതു കുട്ടികള്‍കൂടി മരിച്ചു. ഇതോടെ പത്തുദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ മരിച്ച നവജാത ശിശുക്കള്‍ അടക്കമുള്ള കുട്ടികളുടെ എണ്ണം 72 ആയി. മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന കുട്ടികളും നവജാതശിശുക്കളും ഉള്‍പ്പെടെ 30 കുട്ടികള്‍ ഈ മാസം 10 മുതല്‍ 48 മണിക്കൂറിനിടെ മരിച്ചതായാണ്‌ കണക്ക്‌. കഴിഞ്ഞ നാലു മുതല്‍ ഇതുവരെ ആകെ 72 കുട്ടികള്‍ മരിച്ചുവെന്നു അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഞായറാഴ്‌ചയും കുട്ടികള്‍ മരിച്ചതോടെ മുഖ്യമന്ത്രി യോഗി ആദിത്വനാഥ്‌ ഇന്നലെ ആശുപത്രി സന്ദര്‍ശിച്ചു. ഓക്‌സിജന്‍ കിട്ടാതെയാണ്‌ കുട്ടികളിലേറെയും മരിച്ചതെന്ന ആരോപണം നിലനില്‍ക്കെയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ഒരുമണിക്കൂര്‍മുമ്പ്‌ മെഡിക്കല്‍കോളജിലേക്കുള്ള വഴിയില്‍ വടംകെട്ടി ഗതാഗതം തടഞ്ഞതു ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഇതോടെ കുട്ടികളുടെ മൃതദേഹങ്ങള്‍ ചുമന്നാണ്‌ മാതാപിതാക്കള്‍ വീടുകളിലേക്ക്‌ കൊണ്ടുപോയത്‌. ഞായറാഴ്‌ചയായതിനാല്‍ ആംബുലന്‍സും കുറവായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയും ഇന്നലെ ആശുപത്രി സന്ദര്‍ശിച്ചു. ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഗോരഖ്‌പൂരില്‍ കുട്ടികളുടെ രോഗനിര്‍ണയ റിസര്‍ച്ച്‌ സെന്റര്‍ നിര്‍മിക്കുമെന്നു അദ്ദേഹം അറയിച്ചു. ഇതിനായി 85 കോടി രൂപ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.