Breaking News

Trending right now:
Description
 
Aug 12, 2017

യുപി മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഒക്‌സിജന്‍ ലഭിക്കാതെ 30 കുട്ടികള്‍ മരിച്ചു

image യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്‌പൂര്‍ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന്‌ നവജാതശിശുക്കള്‍ അടക്കം 30 കുട്ടികള്‍ മരിച്ചു. നവജാത ശിശു വാര്‍ഡ്‌, മസ്‌തിഷ്‌ക വീക്കം ബാധിച്ചവരുടെ വാര്‍ഡ്‌, ജേനറല്‍ വാര്‍ഡ്‌ എന്നിവിടങ്ങളിലാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. 48 മണിക്കൂറിനുള്ളിലാണ്‌ ഇത്രയും മരണം. മരിച്ചവരിലേറെയും മസ്‌തിഷ്‌കവീക്കം ബാധിച്ച കുട്ടികളാണ്‌. കുടിശികയെ തുടര്‍ന്ന്‌ സ്വകാര്യ കമ്പനി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം വ്യാഴാഴ്‌ച നിര്‍ത്തിയതാണ്‌ കുട്ടികളുടെ മരണത്തില്‍ കലാശിച്ചത്‌. 68 ലക്ഷം രൂപ ആശുപത്രി അധികൃതര്‍ കമ്പനിക്ക്‌ കുടിശിക വരുത്തിയിരുന്നു. ഓക്‌സിജന്‍ വിതരണം നിര്‍ത്തുമെന്നു കമ്പനി അറിയിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഇത്‌ കാര്യമാക്കിയിരുന്നില്ല. സംഭവത്തിനു രണ്ടുദിവസം മുമ്പ്‌ മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചിരുന്നു. യുപിയിലെ കുട്ടികളുടെ മസ്‌തിഷ്‌ക വീക്കം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ്‌ ഇത്രയേറെ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഓക്‌സിജന്റെ വിതരണം നിര്‍ത്തിവച്ച സാഹചര്യത്തില്‍ പകരം സംവിധാനം ചെയ്‌തിരുന്നുവെന്നും ആശുപത്രിയില്‍ വേണ്ടത്ര ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമല്ലായിരുന്നുവെന്നുമാണ്‌ അധികൃതരുടെ വിശദീകരണം. മജിസ്‌ട്രേറ്റ്‌ തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചു.