Aug 11, 2017
ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി
നടിയെ ഉപദ്രവിച്ച കേസില്‍ ഒരു മാസമായി കസ്റ്റഡിയില്‍ കഴിയുന്ന നടന്
ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്കി. പൊലീസിനെയും
മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിയുന്ന സിനിമാ
മേഖലയിലെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് തന്നെ കുടുക്കിയത്. ഇവരാണ്
വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.
വിഷ്ണു എന്നയാള്‍ തന്റെ സുഹൃത്തായ നാദിര്‍ഷായ്ക്കു ഫോണ്‍ചെയ്ത കാര്യം
ഡിജിപി ലോക്നാഥ് ബഹ്റയെ അറിയിച്ചിരുന്നു. ശബ്ദരേഖയും കോള്‍വന്ന ഫോണ്‍
നമ്പറും നല്കി. കേസിലെ ഒന്നാംപ്രതി സുനിലിനെ തനിക്ക് അറിയില്ല.
ഒന്നരക്കോടി രൂപയ്ക്ക് താന്‍ ക്വട്ടേഷന്‍ നല്കിയെന്നു സുനില്‍
പറയുന്നത് സാങ്കല്‍പ്പികമാണ്. ഇയാളുമായി ഒരിക്കല്‍പോലും കാണുകയോ
സംസാരിക്കുകയോ ചെയ്തിട്ടില്ല. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ
ഗൂഢാലോചന അന്വേഷിക്കണമെന്നു ആദ്യം പരസ്യമായി പറഞ്ഞ നടിക്കു കേസ്
അന്വേഷിക്കുന്ന എഡിജിപിയുമായി അടുപ്പമുണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിലീപ്
വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഉള്‍പ്പെട്ട 50 കോടിയിലേറെ ബജറ്റ് വരുന്ന
ചിത്രങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. നടനെന്ന നിലയില്‍
കഠിനാധ്വാനത്തിലൂടെ താനുണ്ടാക്കിയ ജനപ്രീതി ഇല്ലായ്മ ചെയ്ത്
ഒറ്റരാത്രികൊണ്ടുതന്നെ വില്ലനാക്കിമാറ്റിയെന്നും ദിലീപ് പറയുന്നു.