Breaking News

Trending right now:
Description
 
Aug 01, 2017

നടി ആക്രമിക്കപ്പെട്ട കേസ്‌: അപ്പുണ്ണിയേയും സഹോദരനെയും ചോദ്യം ചെയ്‌തു

image നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ അപ്പുണ്ണിയെ (സുനില്‍രാജ്‌) പ്രത്യേക അന്വേഷണ സംഘം ആറുമണിക്കൂര്‍ ചോദ്യം ചെയ്‌തു. ദിലീപ്‌ അറസ്റ്റിലായ ജൂലൈ 10 മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ അപ്പുണ്ണി ചോദ്യം ചെയ്യലിനോട്‌ സഹകരിച്ചത്‌. ഇയാളുടെ മൊബൈല്‍ഫോണ്‍ കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ പൊലീസ്‌ പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യുന്നതിനു വീണ്ടം വിളിക്കുമ്പോള്‍ എത്തണമെന്നു നിര്‍ദേശം നല്‍കി വിട്ടയയ്‌ക്കുകയും ചെയ്‌തു. ദിലീപിന്റെ മനസാക്ഷിസൂക്ഷിപ്പുകാരനായ അപ്പുണ്ണിയെ ചോദ്യം ചെയ്‌തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെയുള്ള തെളിവുകള്‍ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ്‌ അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍സുനി കുറ്റകൃത്യത്തിനു മുമ്പു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത്‌ അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചായിരുന്നുവെന്നാണ്‌ പൊലീസിന്റെ നിഗമനം. റിമാന്‍ഡില്‍ കഴിയുന്ന പുള്‍സര്‍ സുനി വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്‌. ദിലീപിനു കൈമാറാന്‍ ജയിലിനുള്ളില്‍നിന്നുള്ള കത്തിന്റെ ഫോട്ടോ സഹതടവുകാരന്‍ വിഷ്‌ണു അയച്ചതും അപ്പുണ്ണിക്കാണ്‌. അപ്പുണ്ണിയുടെ സഹോദരന്‍ സൂരജ്‌, പ്രമുഖ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരെയും ഇന്നലെ ചോദ്യം ചെയ്‌തു.