Breaking News

Trending right now:
Description
 
Jul 30, 2017

ആദ്യമായി വെച്ചൂര്‍ എന്ന അത്ഭുതത്തെ കണ്ടപ്പോള്‍

Satheesh Kumar
image 1989 ൽ വെറ്ററിനറി കോളേജ് മാഗസിന്റെ എഡിറ്ററായിരുന്നു ഡോക്ടർ വാസുദേവൻ‌ നംബൂതിരി. സൌമ്യനും സഹൃദയനുമായ ഒരാൾ. വെറ്ററിനറി കോളേജിലെ നടപ്പ് രീതികളനുസരിച്ച്‌ സ്വാഭാവികമായും ധാരാളം ബാക്ക് പേപ്പറുകൾ ഉണ്ടായിരുന്ന 'അസമർത്ഥൻ ''ഹവിസ്സ് ' എന്നു പേരിട്ടിരുന്ന ആ മാഗസിനിൽ പതിവിൽ നിന്നും വ്യത്യസ്തമായി ഗൌരവമുള്ള ചില വിഷയങ്ങൾ വേണം എന്ന തീരുമാനത്തിൽ ഞങ്ങൾ നിരന്തരം നടത്തിപ്പോന്ന രാത്രി ചർച്ചകളിൽ എവിടെയോ വെച്ചാണ് കേരളത്തിൽ നേരത്തെ ഉണ്ടായിരുന്നതും ഇപ്പോൾ ഏറെക്കുറെ വംശനാശം വന്നിട്ടുള്ളതുമായ 'വെച്ചൂർ'എന്ന തനത് പശു ഇനത്തെക്കുറിച്ച് പരാമർശം ഉയർന്ന് വരുന്നത് 1940 ൽ പ്രസിദ്ധീകരിച്ച ടി കെ വേലുപ്പിള്ളയുടെ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ വൈക്കത്തിനടുത്ത വെച്ചൂർ ദേശത്ത്‌ ധാരാളമായി ഇത്തരം ചെറിയതും കറവയുള്ളതുമായ പശുക്കൾ ഉണ്ടായിരുന്നതായി പരാമർശമുണ്ട് എന്നത് വാസുദേവൻ നംബൂതിരി മുൻപേ കേട്ടിട്ടുണ്ടായിരുന്നു.അൻപതോളം വർഷങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട് എങ്കിലും അവയിൽ ചിലതെങ്കിലും ഇപ്പോൾ അവശേഷിക്കുന്നുണ്ടാവുമോ എന്നറിയാനും ,അതിന്റെ ചരിത്രം തേടിയും ഒരു യാത്രയായാലോ എന്ന ഒരാശയം അങ്ങിനെ ഉയർന്നു വരികയായിരുന്നു. അങ്ങിനെയാണ് അനിൽ സഖറിയയും ഞാനും വെച്ചൂരിലേക്ക് പുറപ്പെടുന്നത്
വണ്ടിക്കൂലിക്ക് പോലും പണം തികയീല്ലായിരുന്നു എങ്കിലും ആവേശത്തിൽ അതി സംബന്നരായിരുന്ന ഒരു കാലംഇന്നിപ്പോൾ വെച്ചൂർ എങ്ങിനെയിരിക്കുന്നു എന്നെനിക്കറിയില്ല ആദ്യമായും അവസാനമായും ഞാൻ വെച്ചൂരിൽ പോയിട്ടുള്ളത് 1989 ൽ ആണ്.തലങ്ങും വിലങ്ങും ചെറിയ തോടുകളാൽ വിഭജിക്കപ്പെട്ടു കിടന്നിരുന്ന ഒരു ജലഗ്രാമം അതായിരുന്നു അന്നത്തെ വെച്ചൂർ . വയൽക്കരയിൽ ചെറിയ കുരിശുപള്ളി പണിയുന്നതിന്റെ മേൽനോട്ടം നടത്തിനിന്നിരുന്ന ചെറുപ്പക്കാരനായ ഒരു വൈദികന്റെ രൂപത്തിലാണ് ആദ്യ സഹായം വന്നത്.ഒരു നേരത്തെ ഊണും ,വാതിൽ ചേർത്തടക്കാൻ കഴിയാത്തതാണ് എങ്കിൽ പോലും രാത്രി തങ്ങാൻ ഒരു ചെറിയ ലോഡ്ജു മുറിയും കിട്ടിയത് അദ്ദേഹത്തിന്റെ ശുപാർശയിൽ ആയിരുന്നു. അത്ഭുതകരമായിരുന്നു ആ യാത്രയിലെ അനുഭവങ്ങൾ എന്ന് പറയാതെ വയ്യ വെച്ചൂർ പശുവിനെക്കുറിച്ച് കേൾക്കാത്തവർ ആരുമില്ല ആ ഗ്രാമത്തിൽ അമ്മയോ അച്ഛനോ ,മുത്തച്ചനോ പറഞ്ഞ് അവയെക്കുറിച്ച് എല്ലാവരും കേട്ടിരിക്കുന്നു.അത്രമേൽ ഒരു ദേശത്തിന്റെ ചരിത്രവുമായി ആ പശുക്കൾ ബന്ധപ്പെട്ടിരിക്കുന്നു .
ഗ്രാമത്തിലെ സംബന്ന കർഷകനായ മണി സ്വാമിയാണ് ആദ്യമായി വെച്ചൂർ പശുവിനെക്കുറിച്ചുള്ള ഒരു ലക്ഷണ വിവരണം നല്കുന്നത്.മൂന്നടിയിൽ കൂടാത്ത ഉയരം ,ഒറ്റ നിറം ,വളഞ്ഞ കൊമ്പുകളിൽ നിന്നും വെള്ളം കണ്ണുകളിലേക്ക് ഇറ്റും. കട്ടി കൂടിയ പാൽ ,കുപ്പിയിൽ ഒഴിച്ച് വെച്ചാൽ തിരിച്ച് ഒഴിക്കാൻ പറ്റാത്ത വിധം കനത്തിൽ പാട കെട്ടുന്ന പാൽ ,കൈയിലെടുത്താൽ വിരലുകൾക്കിടയിലൂടെ ചോർന്ന് പോകാത്ത അത്രയും കട്ടികൂടിയത്. പക്ഷേ അപ്പോഴും മേൽ ലക്ഷണങ്ങളുള്ള ഒന്നിനെ കണ്ടെത്താൻ കഴിയും എന്ന പ്രതീക്ഷ ഞങ്ങളിലില്ല.നഷ്ടപ്പെട്ടു പോയ ഒരു നന്മ എന്ന രീതിയിൽ അവതരിപ്പിക്കുവാൻ പാകത്തിൽ ഒരു കഥ മനസ്സിൽ മെനയുംബോളാണ് മണി സ്വാമിയുടെ പണിക്കാരനായ മനോഹരൻ അത്തരമൊരു പശു തന്റെ വീട്ടിൽ ഉണ്ട് എന്ന കാര്യം സൌഹൃദ ഭാഷണത്തിനിടയിൽ ഞങ്ങളോട് പറയുന്നത്.അങ്ങിനെ മനോഹരന്റെ പൊളിഞ്ഞു തുടങ്ങിയ ചെറിയ തൊഴുത്തിൽ ഞങ്ങൾ ആദ്യമായി വെച്ചൂർ പശു എന്ന അത്ഭുത മൃഗത്തെ കാണുന്നു .പതിനഞ്ചിൽ കൂടുത്തൽ വയസ്സ് പ്രായമുണ്ട് മനോഹരന്റെ പശുവിന് അപ്പോൾ. മണി സ്വാമി പറഞ്ഞ ഓരോ ലക്ഷണങ്ങളും നൂറു ശതമാനവും ചേരുന്ന ഒരു ഇത്തിരി പശു. മൂന്നടിയിൽ താഴെ ഉയരമുള്ള മൂന്നു ലിറ്റർ പാൽ തരുന്ന അതിശയം . അതുവരെ ലുബ്ദിച്ച് ഉപയോഗിച്ച് കൊണ്ടിരുന്ന ഫിലിം ക്യാമറയിൽ അനിൽ തെരു തെരെ ചിത്രങ്ങളെടുത്തു . പിന്നീടിങ്ങോട്ടുള്ളത് രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്. ജനിതക വിഭാഗം അദ്ധ്യാപികയായ ശോശാമ്മ ടീച്ചരുടെയും 1988 ബാച്ചിലെ ഉത്സാഹികളായ വിദ്യാർഥികളുടെയും നിരന്തര ശ്രമത്തിന്റെ ഭാഗമായി ആദ്യത്തെ വെച്ചൂർ സംരക്ഷണ പദ്ധതി മണ്ണുത്തിയിൽ നിലവിൽ വരുന്നു.(അന്നത്തെ വൈസ് ചാൻസലർ ആയിരുന്ന ശൈലാസ് സർ അനുവദിച്ചു തന്ന ഇരുപതിനായിരം രൂപ കൊണ്ട് എട്ട് പശുക്കളെ വിലകൊടുത്ത് വാങ്ങിക്കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത് , പദ്ധതിക്കായി മണ്ണുത്തി ഫാമിൽ ഉപയോഗ ശൂന്യമായി കിടന്നിരുന്ന പഴയ കെട്ടിടം കേടുപാടുകൾ തീർത്ത്‌ വൃത്തിയാക്കിയത് 88 ബാച്ചിലെ വിദ്യാർഥികൾ ആയിരുന്നു എന്നത് പ്രത്യേകം ഓർമ്മിക്കുന്നു )ഇന്നിപ്പോൾ വെച്ചൂർ പശു സംരക്ഷണ പദ്ധതി ഇരുപത്തി അഞ്ചു വർഷങ്ങൾ പിന്നിടുന്നു . വെച്ചൂർ പശു എന്നത് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു പേരായിരിക്കുന്നു . ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന് അത് ഗിന്നസ് പുസ്തകത്തിൽ അടയാളപ്പെടുത്തപെട്ടിരിക്കുന്നു ..ഏതൊരു മഹാ യാത്രയുടെയും ആരംഭം അതി ലളിതമായ ആദ്യത്തെ കാൽ വെപ്പിൽ നിന്നാണ് എന്ന സത്യത്തെ ഓർമിക്കുവാൻ വേണ്ടി ഈ കുറിപ്പ് . ഒപ്പം ശോശാമ്മ ഐപ്പ് എന്ന ശാസ്ത്രജ്ഞ യുടെയും ഉത്സാഹികളും സമർപ്പിതരുമായ വെച്ചൂർ സംരക്ഷണ ട്രസ്റ്റ്‌ അംഗങ്ങളുടെയും അദ്വാനത്തെ അനുമോദിക്കുവാൻ വേണ്ടിയും .കടപ്പാട്‌: സതീഷ്‌കുമാറിന്റെ ഫേയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌