Breaking News

Trending right now:
Description
 
Jul 27, 2017

അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി കെ.ഇ. മാമ്മന്റെ സംസ്‌കാരം ഇന്ന്‌

image അന്തരിച്ച സ്വാതന്തര്യസമര സേനാനിയും ഗാന്ധിയന്‍ പോരാളിയുമായിരുന്ന കെ.ഇ.മാമ്മന്റെ (96) സംസ്‌കാരം ഇന്നു രണ്ടുമണിക്കു തിരുവനന്തപുരം ശാന്തി കടവാടത്തില്‍ പൂര്‍ണബഹുമതികളോടെ നടക്കും. മൂന്നുവര്‍ഷമായി ചികിത്സയിലായിരുന്ന അദ്ദേഹം നെയ്യാറ്റിന്‍കര നിംസ്‌ ആശുപത്രിയില്‍ ബുധനാഴ്‌ചയാണ്‌ മരിച്ചത്‌. ദിവാന്‍ സി.പി.രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരെ ശക്തമായ നിലപാടുസ്വീകരിച്ച ശക്തനായ പോരാളിയായിരുന്നു മാമ്മന്‍. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക്‌ അദ്ദേഹം ഏറെ പ്രാധാന്യം നല്‍കിയിരുന്നു. അനീതിക്കും അക്രമത്തിനും മദ്യവിപത്തിനുമെതിരെ ഒട്ടേറെ ഒറ്റയാള്‍ പോരാട്ടവും നടത്തി. വിദ്യാര്‍ഥിയായിരിക്കെ സി.പി.രാമസ്വാമിയെ വിമര്‍ശിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടിയുംവന്നു. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെയായിരുന്നു പൊതുരംഗത്തേക്കുവന്നത്‌. 1972-ല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള താമ്രപത്രം ലഭിച്ചു. 1954-ല്‍ തിരുവല്ലയില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്‌. പിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്നു. 1921 ജൂലൈ 31നു തിരുവനന്തപുരത്തു കണ്ടത്തില്‍ വീട്ടില്‍ കെ.സി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമത്തെ മകനാണ്‌ മാമ്മന്‍.