Breaking News

Trending right now:
Description
 
Jul 20, 2017

കോഴിവിലയും കോടതിയിലെത്തി

image ഇറച്ചിക്കോഴി വില കിലോഗ്രാമിന്‌ 87 രൂപയായി കുറയ്‌ക്കണമെന്ന ധനമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ്‌ ആന്‍ഡ്‌ ട്രേഡേഴ്‌സ്‌ അസോസിയേഷനാണ്‌ ഹര്‍ജി നല്‍കിയത്‌. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ചെറുകിട കച്ചവടക്കാര്‍ക്കു ദിവസം 1000 രൂപവരെ ബാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്‌ അസോസിയേഷന്‍ കോടതിയില്‍ എത്തിയത്‌. കുറഞ്ഞവിലയ്‌ക്ക്‌ ഇറച്ചിക്കോഴിയെ വില്‍ക്കണമെന്ന നിര്‍ദേശം വസ്‌തുതള്‍ പരിഗണിക്കാതെയാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഫാമുകളില്‍ 87 രൂപയ്‌ക്കടുത്തു വില്‍ക്കുന്ന ഇറച്ചിക്കോഴി കടകളിലെത്തുമ്പോള്‍ ചെലവ്‌ 100-125 രൂപവരെയാകും. സ്വകാര്യഫാമുകളില്‍ കുറഞ്ഞവിലയ്‌ക്ക്‌ ഇറച്ചിക്കോഴിയെകിട്ടില്ലെന്നും അസോസിയേഷന്‍ കോടതിയെ ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ 87 രൂപയ്‌ക്ക്‌ കോഴിക്കച്ചവടം നടത്തണമെന്നു പറയുന്നത്‌ അന്യായമാണ്‌. കോഴിയുടെ വില ഉയര്‍ന്നുനില്‍ക്കുന്നത്‌ ലഭ്യതക്കുറവുകൊണ്ടാണെന്നും ഹര്‍ജിയില്‍ പറയുന്നു. നികുതി ഒഴിവായിട്ടും ഇറച്ചിക്കോഴിക്കു വില കൂട്ടിവാങ്ങുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ നിര്‍ദേശമെന്നു സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ജിഎസ്‌എടി നിലവില്‍ വരുന്നതിനു മുമ്പ്‌ 15 രൂപ നികുതിയടക്കം 102 രൂപയായിരുന്നു കോഴിവില. നികുതി ഇല്ലാതായതിനെ തുടര്‍ന്നാണ്‌ വില 87 രൂപയായി കുറയ്‌ക്കാന്‍ ധനമന്ത്രി നിര്‍ദേശിച്ചതെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.