Breaking News

Trending right now:
Description
 
Jul 17, 2017

സഭാ തർക്കം: സുപ്രീം കോടതി പുറപ്പെടുവിച്ച 28 വിധി തീർപ്പുകൾ

ഫാ.ജോൺസൺ പുഞ്ചക്കോണം
image സുപ്രീം കോടതി പുറപ്പെടുവിച്ച പ്രസക്തമായ 28 വിധി തീർപ്പുകൾ മലങ്കര സഭയിലെ എല്ലാ സ്ഥാനികൾക്കും, ഭദ്രാസനങ്ങൾക്കും, ഇടവക പള്ളികൾക്കും, സെമിത്തേരികൾക്കും, സ്ഥാപനങ്ങൾക്കും, ഒപ്പം സഭയുടെയും ഇടവകകളയുടെയും സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുവകകൾക്കും ബാധകമാണ്. ഇത് ഒഴിവാക്കികൊണ്ടോ, മാറ്റിവച്ചുകൊണ്ടോ ഉള്ള യാതൊരുവിധ ഒത്തുതീർപ്പു വ്യവസ്ഥകളോ, സ്ഥാനങ്ങളോ നിയമപരമായി നിലനിൽക്കുകയുമില്ല എന്ന് മാത്രമല്ല അത് കോടതി അലക്ഷ്യമാവുകയും ചെയ്യും. പരമോന്നത നീതി പീഠത്തിന്റെ ഈ അന്തിമ വിധി അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യാതെ ഭരണാധികാരികൾ ഉൾപ്പെടെ ആർക്കും മുന്നോട്ടു പോകുവാൻ സാധ്യമല്ല. ഇനിയും തർക്ക-വിതർക്കങ്ങൾക്കു യാതൊരു പ്രസക്‌തയുമില്ല. മുട്ടാത്തർക്കങ്ങൾ പറഞ്ഞു വിശ്വാസികളെ അധികകാലം കബളിപ്പിക്കുവാൻ ആർക്കും സാധ്യമല്ല. ഇവിടെ ശാശ്വതമായ പരിഹാര നിർദ്ദേശങ്ങളാണ് ഉരുത്തിരിയേണ്ടത്.

മലങ്കര സഭയിലെ ഇടവക പള്ളികൾ ഭരിക്കപ്പെടേണ്ടത് പൂർണമായും 1934 -ലെ ഭരണ ഘടനപ്രകാരമാണ്. അതിനു വിരുദ്ധമായി ഒരു സ്ഥാനികൾക്കും സ്ഥാനങ്ങൾക്കും നിലനിൽക്കുവാൻ സാധിക്കില്ല. അത് എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അത് വീണ്ടും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. ഈ കേസിൽ ഉൾപ്പെട്ട കക്ഷികളായ മൂന്നു ഇടവകൾക്കു മാത്രമല്ല മലങ്കര സഭയിലെ എല്ലാ തൽപരകക്ഷികൾക്കും, നേരത്തേയുള്ള സമുദായക്കേസിൽ ഉൾപ്പെട്ട ഇടവകകൾക്കും ഇടവകാംഗങ്ങൾക്കും ബാധകമാണ്. 1934 ലെ ഭരണഘടന എല്ലാ ഇടവകപ്പള്ളികൾക്കും ബാധകമാകയാൽ ഏതെങ്കിലും ഒരു ഇടവകപള്ളിക്ക് 2002 ലേതു പോലെ പുതിയ ഭരണഘടന ഉണ്ടാക്കാൻ കഴിയില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ നിലവിലുള്ള പള്ളികളിൽ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനും അനുമതിയില്ല.

പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധികാരി പരിശുദ്ധ കാതോലിക്കായാണ്. ആധ്യാത്മിക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പെലീത്തയുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പൊലീത്തയ്ക്കാണ്. ഇതിലൂടെ പരിശുദ്ധ കാതോലിക്കാ സമന്മാരിൽ മുമ്പൻ മാത്രമാണ് എന്ന വാദവും അസ്ഥാനത്തായി.

1934 ലെ ഭരണഘടനക്കു വിരുദ്ധമായി അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ആധ്യാത്മിക അധികാരം മലങ്കര സഭയിൽ നിലനിൽക്കുകയില്ല എന്ന് മാത്രമല്ല പാത്രിയർക്കീസിന് മേൽപ്പട്ടക്കാർ, വികാരിമാർ, വൈദികർ, ഡീക്കന്മാർ, എന്നിവരെ വാഴിക്കുവാനോ, നിയമിച്ച് ഇടവകപ്പള്ളികളുടെ ഭരണത്തിൽ ഇടപെടാനോ കഴിയില്ല. ഇതുവഴി ഒരു സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാനും കഴിയില്ല. സുപ്രീം കോടതിയുടെ വിധി പാത്രിയർക്കീസിനും കാതോലിക്കോസിനും എല്ലാവർക്കും ബാധകമാണ്.

ഒരു വ്യക്തിക്ക് ഒരു സംഘടനയുടെ ഭാഗമല്ല എന്ന നിലയിൽ ഒരു സഭവിട്ടു പോകാൻ എല്ലാ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്, 1934 ലെ ഭരണഘടന പ്രകാരം, ഇടവകാംഗങ്ങൾക്കു പള്ളി വിട്ടുപോകാം. പക്ഷേ, മലങ്കരസഭയുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ ഒന്നും മലങ്കരസഭയുടെ അനുമതിയില്ലാതെ കൊണ്ടു പോകാൻ കഴിയില്ല. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയിൽ വിശ്വസിക്കുന്നുവെങ്കിൽ, ഇവിടെ അന്തസ്സോടെ സംസ്ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുള്ള അവകാശത്തെ, ആർക്കും നിഷേധിക്കാനാവില്ല. മലങ്കര സഭയുടെയും ഇടവകപ്പള്ളികളുടെയും വസ്തുവകകൾ ട്രസ്റ്റിന്റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങൾക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്നു കരുതി, അവ ആർക്കും കയ്യേറാനുള്ളതല്ല.

ഇടവകാംഗങ്ങൾക്കു പാത്രിയാർക്കീസിൻറ പരമാധികാരത്തിലും അപ്പോസ്തോലിക പിന്തുടർച്ചയിലും വിശ്വസിക്കാൻ സ്വാതന്ത്യ്രമുണ്ട്. എന്നാൽ ആ സ്വാതന്ത്യം ഉപയോഗിച്ച് വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കുന്നതിന് അനുവാദമില്ല, മാത്രമല്ല അത് 1934 ലെ ഭരണഘടനയ്ക്കെതിരാണ്. ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ ഇക്കാര്യങ്ങളിൽ ഇടപെടാൻ പാത്രിയർക്കീസിന് അധികാരമില്ല. അങ്ങനെ ചെയ്യണമെങ്കിൽ 1934 ലെ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് എല്ലാവർക്കും ബാധകമാണ് എന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

മലങ്കരസഭയുടെ വസ്തുവകകൾ ഉൾപ്പെടെ. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷത്തിന്റെ പേരിലോ അല്ലാതെയോ, വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല, അതു ഭരണത്തിൽ അനധികൃതമായ ഇടപെടലാണ്, വസ്തുവകകൾ അന്യായമായി പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിൽപ്പോലും, സഭയുടെ ഭരണമോ വസ്തുക്കളോ പിടിച്ചെടുക്കാൻ പാടില്ല. ഭരണം മാറ്റണമെങ്കിൽ അത് നിയമപരമായി 1934 ലെ ഭരണ ഘടന ഭേദഗതി വരുത്തി ചെയ്യണം. 1934 ലെ ഭരണ ഘടനയ്ക്കു വിരുദ്ധമായി ഇടവകപ്പള്ളികൾക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ല.

2002 -ൽ ഭരണഘടന ഉണ്ടാക്കിയതു നിയമവിരുദ്ധവും അനാവശ്യവുമാണ്. അതിനെ അംഗീകരിക്കാനാവില്ല. മലങ്കര സഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള സംവിധാനമായി, അതിനെ കണക്കാക്കാനാവില്ല. 1934 ലെ ഭരണഘടന പ്രകാരമാണ് മലങ്കര സഭയിലെ ഇടവകപള്ളികൾ ഭരണം നടത്തേണ്ടത്. ഓരോ വിഭാഗത്തിന്റെയും രണ്ടു വികാരിമാർക്ക്, ആരാധന നടത്താൻ അവസരം നൽകണം എന്ന അപേക്ഷ പരിഗണിക്കാനാവില്ല. അതു സമാന്തര സംവിധാനത്തിനും ഭരണത്തിനും വഴിയൊരുക്കും.

1934 -ലെ ഭരണ ഘടന, നിയമ പ്രകാരം ഭേദഗതി ചെയ്ത്, ഒരു പൊതുവേദിയിൽ പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് വേണ്ടത്. എന്നാൽ, അത് ഒരിക്കലും സമാന്തര സംവിധാനം ഉണ്ടാക്കാനോ, പള്ളികളിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനോ, പള്ളികൾ അടച്ചു പൂട്ടുന്ന നിലയിൽ എത്തിക്കാനോ ആവരുത്. അത് അംഗീകരിക്കാവുന്നതല്ല.