Breaking News

Trending right now:
Description
 
Jan 23, 2013

ആരും ഇഷ്ടപ്പെടുന്ന മധുരശബ്ദവുമായി ജിജി തോംസണ്‍ ശ്രദ്ധേയനാകുന്നു

റിയ മെര്‍ലിന്‍, riamerlin@hotmail.com
image
ആസ്വാദകരുടെ ശ്രദ്ധനേടിയ ശബ്ദമായി മാറുകയാണ്‌ ജിജി തോംസണിന്റേത്‌. ദൈവം അനുഗ്രഹിച്ചു നല്‌കിയ സംഗീതത്തിലൂടെ കേള്‍വിക്കാരുടെ മനംകവരുന്നതാണ്‌ ജിജിയുടെ സ്വത്ത്‌. ലളിതഗാനങ്ങളും ഫാസ്റ്റ്‌ നമ്പരുകളും അനായാസമായി കൈകാര്യം ചെയ്യുന്ന ജിജി സ്വന്തമായി സംഗീത ആല്‍ബങ്ങള്‍ കംപോസ്‌ ചെയ്യുന്നതിനാണ്‌ ഇപ്പോള്‍ ശ്രദ്ധവയ്‌ക്കുന്നത്‌. ഇതിനകം പത്ത്‌ ആല്‍ബങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇവയെല്ലാം ശ്രദ്ധ പിടിച്ചുപറ്റി. 'ഈശോ വസിക്കും കുടുംബം...,' 'ആലയം...,' 'സന്തോഷം,' 'ദ ക്രിസ്‌റ്റിയന്‍,' 'സ്‌ട്രിംഗ്‌സ്‌ ഓഫ്‌ ലവ്‌' എന്നീ ആല്‍ബങ്ങള്‍ ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു.
 
ജിജി ഈണം നല്‌കിയ "ഒരു ദിനം ഞാനെന്റെ...," "കണ്ണിലുണ്ണി...", "പാടി വാഴ്‌ത്തിടുവാന്‍...," "കരുണയോടെ...," "കുളിരുമീ രാവിനെ...," " ജീവന്റെ ജീവനാം...," "അമ്മേ മരിയേ...," "എന്റെ കുരിശുമായി പാടി വാഴ്‌ത്തിടുവാന്‍..." തുടങ്ങിയ പാട്ടുകള്‍ക്ക്‌ ആരാധകര്‍ ഏറെയാണ്‌.
 
ചങ്ങനാശേരി കുട്ടംപേരൂര്‍ കുടുംബാംഗമായ ജിജി സ്‌കൂള്‍ സമാജങ്ങളില്‍ സജീവമായിരുന്നു. സ്‌കൂള്‍തലത്തില്‍ ശ്രദ്ധേയനായ ഗായകനായി. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തം അമ്മ ചേച്ചമ്മയില്‍നിന്നാണ്‌ ജിജി പഠിച്ചെടുത്തത്‌. എട്ടുവയസ്‌ മുതല്‍ സംഗീതം നിഷ്ടയോടെ പിന്തുടരുന്നു. ബാങ്ക്‌ മാനേജരായിരുന്ന പിതാവ്‌ കെ.എസ്‌. തോമസും സംഗീതത്തില്‍ ഏറെ താത്‌പര്യമുള്ള സഹോദരങ്ങളും ജിജിയെ പ്രോത്സാഹിപ്പിച്ചു
 
ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയായിരുന്നു ആദ്യകാലങ്ങളില്‍ ജിജിയുടെ സംഗീതവേദി. പ്രശസ്‌ത സംഗീതജ്ഞനായ ഫാ. ഷാജി തുമ്പേച്ചിറയില്‍ ജിജിയുടെ സംഗീതവാസന കണ്ടറിഞ്ഞ്‌ പരമാവധി പ്രോത്സാഹനം നല്‌കി. 

ഡിഗ്രി പഠനത്തിനുശേഷം ഡല്‍ഹിയിലേയ്‌ക്കു മാറിയ ജിജിക്കു മുന്നില്‍ സംഗീതത്തിന്റെ പുതിയ വിശാലവഴികള്‍ തുറന്നുകിട്ടി. ഡല്‍ഹിയിലെ ഗന്ധര്‍വ്‌ മഹാവിദ്യാലയയില്‍നിന്ന്‌ ഹിന്ദുസ്ഥാനി അഭ്യസിച്ചത്‌ ഇക്കാലത്ത്‌. ഗ്രാഫിക്‌സ്‌ ഡിസൈനറായി പരിശീലനം നേടുന്നതിനൊപ്പമായിരുന്നു സംഗീതപഠനം. ആല്‍ബങ്ങള്‍ കംപോസ്‌ ചെയ്യുന്നതില്‍ ശ്രദ്ധയൂന്നിയത്‌ ഇക്കാലത്താണ്‌. 1998-ല്‍ 'ഈശോ വസിക്കും കുടുംബം' രണ്ടാം ഭാഗത്തില്‍ മൂന്നു പാട്ടുകള്‍ക്ക്‌ ഈണം നല്‌കിയാണ്‌ തുടക്കം. കംപോസ്‌ ചെയ്‌ത പല പാട്ടുകളും മധുരശബ്ദത്തില്‍ പാടിയതും ജിജിയാണ്‌. സ്‌റ്റേജ്‌ ഷോകളിലും സജീവം. സംഗീതലഹരിയില്‍ ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തിനു മുന്നില്‍ ജിജി സ്വയം മറന്ന്‌ പാടും. ഉച്ഛസ്ഥായിയിലെത്തുന്ന കൈയടികളാണ്‌ ഏറ്റവും വലിയ പ്രോത്സാഹനമെന്ന്‌ ജിജി പറയുന്നു.

സംഗീതത്തിന്റെ കൂടുതല്‍ വിശാലമായ ലോകത്ത്‌ ഉയര്‍ന്നുപറക്കാനാണ്‌ ജിജിയുടെ മോഹം. ഇതിനായി ഹിന്ദി സംഗീതരംഗത്തേയ്‌ക്കു പുതിയ വഴികള്‍ തുറക്കുകയാണ്‌. വൈകാതെതന്നെ ഹിന്ദിയില്‍ പ്രണയഗാനങ്ങളുടെ ആല്‍ബം പുറത്തിറക്കും. പിന്നണി ഗാനരംഗത്തേയ്‌ക്ക്‌ അവസരങ്ങള്‍ തുറന്നുകിട്ടാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന്‌ ജിജിയുടെ പാട്ടുകേള്‍ക്കുന്ന ആരും തലകുലുക്കി സമ്മതിക്കും.
 
മഞ്‌ജുവാണ്‌ ജിജിയുടെ ഭാര്യ. ഗ്ലെന്‍, റിയാന്‍ എന്നിവര്‍ മക്കള്‍.
 
ഇ-മെയില്‍: gigiglen@gmail.com, ph: 09250386510

Links to Jiji Thomson's Albums: