Breaking News

Trending right now:
Description
 
Jul 06, 2017

ആഷ്‌ഫോര്‍ഡില്‍ കായികമേളയ്‌ക്ക്‌ കൊടിയിറങ്ങി; ആവണി 2017ന്‌ ഒരുക്കമാരംഭിച്ചു

image ആഷ്‌ഫോര്‍ഡ്‌: ആഷ്‌ഫോര്‍ഡ്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ കായികമേളയ്‌ക്ക്‌ ആഷ്‌ഫോര്‍ഡ്‌ വില്ലെസ്‌ബൊറോ ഗ്രൗണ്ടില്‍ കൊടിയിറക്കം. രണ്ടുദിവസമായി നടന്ന മേള അസോസിയേഷന്റെ പ്രസിഡന്റ്‌ സോനു സിറിയക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. ഭാരവാഹികളായ സജീവ്‌, ലിന്‍സി അജിത്ത്‌, ജോജി കോട്ടയ്‌ക്കല്‍, മനോജ്‌ ജോണ്‍സണ്‍ എന്നിവരും കമ്മിറ്റി അംഗങ്ങളും അസോസിയേഷന്‍ അംഗങ്ങളും നേതൃത്വം നല്‍കി. പല വേദികളിലായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കായികമത്സരങ്ങളും നടത്തി. വോളിബോള്‍ മത്സരം, ഫുട്‌ബോള്‍ മത്സരം, ക്രിക്കറ്റ്‌ മത്സരം, സ്‌ത്രീകളുടെ കബടികളി എന്നിവയും ഉണ്ടായിരുന്നു. സ്‌നേഹവിരുന്നും സജികുമാര്‍ തയാറാക്കിയ നാടന്‍ സംഭാരവും ആസ്വാദകരമായി. സെക്രട്ടറി രാജീവ്‌ തോമസ്‌ നന്ദി പ്രസംഗം നടത്തി. കായികമേളയോടനുബന്ധിച്ച്‌ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ (ആവണി-2017) ലോഗോയുടെ പ്രകാശനം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സന്‍ മാത്യൂസിനു കൈമാറി പ്രസിഡന്റ്‌ സോനു സിറിയക്ക്‌ നിര്‍വഹിച്ചു. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പ്രവര്‍ത്തകര്‍ ആരംഭിച്ചു. സെപ്‌റ്റംബര്‍ 16നാണ്‌ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്‌. ഓണസദ്യയെ തുടര്‍ന്ന്‌ ആവണി-2017നു തിരിതെളിയും. കലാ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച്‌ നടത്തും.