Breaking News

Trending right now:
Description
 
Jul 06, 2017

കെഎച്ച്‌എന്‍എ കണ്‍വന്‍ഷന്‌ കൊടിയിറങ്ങി

image ഡിട്രോയിറ്റ്‌: ആധ്യാത്മികതയുടെയും കലാ സാംസ്‌കാരിക പാരമ്പര്യത്തിന്റെയും ശക്തി വിളംബരംചെയ്‌ത്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കണ്‍വന്‍ഷന്‌ കൊടിയിറങ്ങി. വിദേശരാജ്യത്തുനടന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്‌മയായി മാറിയ കണ്‍വന്‍ഷന്‍ സംഘാടക മികവിന്റെ കാര്യത്തില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും മികച്ചതായി. വെിവിധ സെമിനാറുകളും പ്രസംഗങ്ങളും ചര്‍ച്ചകളും ഉന്നത നിലവാരം പുലര്‍ത്തി. സ്വാമി ബോധാനന്ദ, സ്വാമി ചിദാനന്ദപുരി, ഡോ.എന്‍.ഗോപാലകൃഷ്‌ണന്‍, സി.രാധാകൃഷ്‌ണന്‍, പ്രഫ.വി.മധുസൂദനന്‍നായര്‍, ഡോ.പദ്‌മകുമാര്‍, മണ്ണടി ഹരി തുടങ്ങിയവര്‍ ആധ്യാത്മിക വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ക്ഷേത്രവാദ്യങ്ങളുടെയും തനതുകലകളുടെയും വര്‍ണശബള ഘോഷയാത്രയോടെ ആരംഭിച്ച നാലുദിവസത്തെ കണ്‍വന്‍ഷനില്‍ മുടിയേറ്റ്‌, തായമ്പക, കഥകളി, തെയ്യം, മോഹിനിയാട്ടം, കുടിയാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കലാരൂപങ്ങളും ഉണ്ടായിരുന്നു.

നൃത്തനൃത്ത്യങ്ങള്‍, സംഗീതസദസ്‌, യുവമോഹിനി സൗന്ദര്യമത്സരം, മാതൃകാദമ്പതികളെ കണ്ടെത്താനുള്ള നള-ദമയന്തി മത്സരം, ചെണ്ടമേളം, ശിങ്കാരിമേളം തുടങ്ങിയവ ശ്രദ്ധേയമായി. കീഴില്ലം ഉണ്ണികൃഷ്‌ണന്‍, കലാമണ്ഡലം ശിവദാസ്‌, പല്ലാവൂര്‍ ശ്രീകുമാര്‍ മാരാര്‍, ഡോ.നീന പ്രസാദ്‌, കലാമണ്ഡലം മനോജ്‌കുമാര്‍, കലാമണ്ഡലം സുകുമാരന്‍, ജിഷ്‌ണു നമ്പൂതിരി, വിജയ്‌ യേശുദാസ്‌ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ ഗോപി, ഹോളിവുഡ്‌ നടി ഇഷാ തല്‍വാര്‍ എന്നിവരുടെ സാന്നിധ്യവും കണ്‍വന്‍ഷന്‍ താരശോഭ നല്‍കി. വിവരസാങ്കേതിക രംഗത്തും ആരോഗ്യരംഗത്തും ശ്രദ്ധേയരായ മലയാളി സംരംഭകരും ബിസിനസ്‌ ഗ്രൂപ്പുകളും പങ്കെടുത്ത പ്രഫഷനല്‍ സമ്മിറ്റും പ്രത്യേകതയായി. യുവാക്കളുടെ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു.

പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍, വൈസ്‌ പ്രസിഡന്റ്‌ വിനോദ്‌ ബാഹുലയന്‍, സെക്രട്ടറി രാജേഷ്‌കുട്ടി, ജോയിന്റ്‌ സെക്രട്ടറി കൃഷ്‌ണരാജ്‌, ട്രഷറര്‍ സുദര്‍ശനകുറുപ്പ്‌, ജോയിന്റ്‌ ട്രഷറര്‍ രഘുനായര്‍, ചെയര്‍മാന്‍ രാജേഷ്‌ നായര്‍, ട്രസ്‌റ്റി ചെയര്‍മാന്‍ ഷിബു ദിവാകരന്‍, വൈസ്‌ ചെയര്‍മാന്‍ രതീഷ്‌ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ന്യൂജേഴ്‌സിയില്‍ നടക്കുന്ന അടുത്ത കണ്‍വന്‍ഷന്റെ പതാക പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ പുതിയ പ്രസിഡന്റ്‌ രേഖാ മേനോന്‌ കൈമാറി.