Breaking News

Trending right now:
Description
 
Jul 04, 2017

പേരിന്റെ കൗതുകത്തിനപ്പുറമുള്ള കാഴ്‌ചകളുമായി 'പുതപ്പ്‌'

T.V. Balasubramanian
image ശരീരമില്ലാത്ത പ്രണയം തനിക്ക്‌ ആവശ്യമില്ലെന്നു കരുതുന്ന ചിത്രകാരനെ സ്വന്തം സൃഷ്ടി തേടിയെത്തുമ്പോള്‍ തീപിടിക്കുന്നതു പുതപ്പിനാണ്‌. ചിത്രകുടീരത്തില്‍ പുതിയൊരു കഥാജീവിതം നമുക്കു മുന്നില്‍ തുറന്നുകാട്ടുന്നു വാള്‍ട്ടര്‍ ഡിക്രൂസ്‌ സംവിധാനം ചെയ്‌ത പുതപ്പ്‌ എന്ന ഹ്രസ്വചിത്രം.

സംഗീതംപോലെ ചലിക്കുന്ന ചിത്രകാരന്റെ കൈവിരലുകളേയും പുക ചുറ്റിയ കണ്ണുകളുടെ സമീപ്യത്തേയും ഉപേക്ഷിക്കുവാനാവാതെ കഥാപാത്രം ചിത്രകാരനോട്‌ ഒന്നുചേരുന്നു. ലോകത്തിന്റെ കാഴ്‌ചകള്‍ തകര്‍ക്കാനും ദുരിതങ്ങളെ മായ്‌ച്ചുകളയാനും ശ്രമിക്കുമ്പോള്‍ പ്രണയം ശാശ്വതമാക്കാന്‍ ചിത്രകാരന്‍ വെമ്പല്‍ക്കൊള്ളുന്നിടത്ത്‌ കഥാഗതി മാറുന്നു. വിശ്വപ്രസിദ്ധ ചിത്രകാരന്‍ വിന്‍സെന്റ്‌ വാന്‍ഗോഗിന്റെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളുണ്ട്‌ ഈ ചിത്രത്തില്‍.

രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ ആര്‍ട്ട്‌മൂവിയില്‍ നാടിന്റെ പ്രശ്‌നങ്ങളും സംസ്‌കാരത്തിന്റെയും അലോസരങ്ങളും വേദനകളും കടന്നുവരുന്നു. തൊണ്ണൂറ്‌ മിനിട്ട്‌ നീണ്ടുനില്‍ക്കുന്ന ചിത്രത്തില്‍ ചിത്രകാരനായി ഷാജഹാനും കഥാപാത്രമായി നിധി സിംഗും അഭിനയിക്കുന്നു. രണ്ടുപേരും പുതുമുഖങ്ങളാണ്‌. മനോഹരമായ ചിത്രകുടീരത്തിന്റെ പശ്ചാത്തലമാണ്‌ ചിത്രത്തിന്റെ ആകര്‍ഷണം. ചിത്രങ്ങള്‍ ഒന്നൊന്നായി സൃഷ്ടിക്കപ്പെടുന്നിടത്ത്‌ രണ്ട്‌ കഥാപാത്രങ്ങള്‍ മാത്രം എന്ന പരിമിതി പരിഹരിക്കപ്പെടുന്നു. ആധുനികതയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കഥപറയാനാണ്‌ വാള്‍ട്ടര്‍ ഡിക്രൂസ്‌ ശ്രമിക്കുന്നത്‌. ഒരു നാടകത്തിലെന്നപോലെ കഥാപാത്രങ്ങളുടെ മനസുകളുടെ സംഘര്‍ഷം പ്രേക്ഷകരോട്‌ നേരിട്ട്‌ പറയാനുള്ള പരിശ്രമം.

കെ.ജി. ജയന്റെ കാമറയും ആനന്ദ്‌ മേട്ടുങ്കളിന്റെ സംഗീവും ചിത്രത്തിന്‌ പൂര്‍ണതയൊരുക്കുന്നു. സ്‌കില്‍ഹാന്‍ഡ്‌ ഇന്റര്‍നാഷണല്‍ കളക്ടീവ്‌ ക്രിയേഷന്‍സാണ്‌ ചിത്രത്തിന്റെ നിര്‍മാണം.

ചിത്രകാരി പത്മിനിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെയും തകരച്ചെണ്ട എന്ന ചിത്രത്തിന്റെ സഹകഥാകാരന്‍ എന്ന നിലയിലും ശ്രദ്ധ നേടിയ വാള്‍ട്ടര്‍ ഡിക്രൂസ്‌ ഈ ചിത്രത്തെ ആര്‍ട്ട്‌ മൂവിയായാണ്‌ കാണുന്നത്‌.