Breaking News

Trending right now:
Description
 
Jun 25, 2017

കാണാതായ ആള്‍ കിണറ്റില്‍; രക്ഷപ്പെടുത്തിയത്‌ നാലുദിവസംകഴിഞ്ഞ്‌

image കാണാതായ കോട്ടയം മരങ്ങാട്ടുപിള്ളി പാലോലില്‍ കുഞ്ഞുമോനെ (58) കിണറ്റില്‍ അകപ്പെട്ടനിലയില്‍ പൊലീസ്‌ കണ്ടെത്തി. നാലുദിവസത്തോളം കിണറ്റില്‍ കഴിഞ്ഞ കുഞ്ഞുമോനെ രക്ഷപ്പെടുത്തി മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. അഗ്നിനിശമന സേനയാണ്‌ ര്‌ക്ഷപ്പെടുത്തിയത്‌. തണുത്ത്‌ ശരീരമാകെ മരവിച്ചനിലയില്‍ ആശുപത്രിയിലെത്തിയ കുഞ്ഞുമോന്‍ അപകടഘട്ടം തരണം ചെയ്‌തു. നാലുദിവസം മഴയും തണുപ്പും സഹിച്ച്‌ കിണറ്റില്‍ കഴിച്ചുകൂട്ടിയ കുഞ്ഞുമോന്‍ രക്ഷപ്പെടാനായി കൂകിവിളിച്ചെങ്കിലും ആരും അറിഞ്ഞില്ല. മരപ്പണിക്കാരനാണ്‌ കുഞ്ഞുമോന്‍. ഈരാറ്റുപേട്ട ഭാഗത്തേക്ക്‌ പണിക്കുപോയ കുഞ്ഞുമോന്‍ രണ്ടുദിവസം കഴിഞ്ഞിട്ടും വീട്ടില്‍ വന്നില്ല. വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഒരുവിവരവും ഇല്ലായിരുന്നു. തുടര്‍ന്ന്‌ ഭാര്യ പൊലീസില്‍ പരാതി നല്‍കി. കുഞ്ഞുമോന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ പാളയം ടവറിനു കീഴിലാണ്‌ ലൊക്കേഷനെന്നു മനസിലായി. തുടര്‍ന്നു പൊലീസ്‌ നടത്തിയ തിരച്ചിലില്‍ വീടിനു സമീപം 300 മീറ്റര്‍ അകലെയുള്ള പുരയിടത്തിലെ ഉപയോഗിക്കാത്ത കിണറ്റില്‍ കുഞ്ഞുമോനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്കുവരുംവഴി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌. ചികിത്സയില്‍കഴിയുന്ന കുഞ്ഞുമോന്റെ മൊഴിയെടുത്താലേ കൂടുതല്‍ വിവരം ലഭ്യമാകുവെന്നു പൊലീസ്‌ വ്യക്തമാക്കി.