Breaking News

Trending right now:
Description
 
Jun 22, 2017

ആലപ്പുഴ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം

image ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കു സംശയങ്ങള്‍ക്കു ഇടനല്‍കാത്തവിധം പ്ലാറ്റ്‌ഫോമുകളില്‍ കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മറ്റു അറിയിപ്പുകള്‍ വ്യക്തമായി നല്‍കണമെന്നും കുട്ടനാട്‌ - എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ (കെര്‍പ) പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മാത്രം ഡിജിറ്റല്‍ കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാലിപ്പോള്‍ ഇത്‌ പ്രവര്‍ത്തനക്ഷമമല്ല. മുമ്പ്‌ കൃത്യമായി പ്രവര്‍ത്തിക്കുകയോ ട്രെയിന്‍ വരുന്നതിനുസരിച്ച്‌ വിവരങ്ങള്‍ മാറ്റി നല്‍കുകയോ ചെയ്‌തിരുന്നില്ല. എപ്പോഴും ഉപകാരപ്പെടുന്നത്‌ സ്ഥിരമായി എഴുതിവയ്‌ക്കുന്ന പരമ്പരാഗത ബോര്‍ഡാണെങ്കിലും അവ കാണാനില്ല. നേരത്തെ അത്തരം ബോര്‍ഡുകള്‍ ഒന്നാം പ്ലാറ്റ്‌ ഫോമില്‍ ഉണ്ടായിരുന്നുവെങ്കിലും രണ്ടിലും മൂന്നിലും സ്ഥാപിച്ചിട്ടില്ല. നീളം കുറഞ്ഞ മെമു ട്രെയിനുകള്‍ക്കു പ്രത്യേകം കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകളാണെങ്കിലും അവയും ആവശ്യത്തിനില്ല. രാത്രി ലൈറ്റുകള്‍ തെളിക്കത്തതിനാല്‍ ഇരുട്ടാണുതാനും. ട്രെയിന്‍ കോച്ചുകള്‍ എവിടെനില്‍ക്കുമെന്നറിയാതെ പെടാപാടുപെടുകയാണ്‌ യാത്രക്കാര്‍. പ്ലാറ്റ്‌ഫോമില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സാധനസാമഗ്രികള്‍ കൂട്ടിവയ്‌ക്കുന്നതും യാത്രാതടസമുണ്ടാകുന്നുണ്ട്‌. എല്ലാ പ്ലാറ്റുഫോമിലും സാധാരണ തരത്തിലുള്ള കോച്ച്‌ പൊസിഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അതിനുനേരെ കോച്ചുകള്‍ നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌താല്‍ ആയിരക്കണക്കിനു യാത്രക്കാരുടെ ദുരിതം ഒഴിവാക്കാനാകും. മൂന്നു പ്ലാറ്റുഫോമുകളുള്ള റെയില്‍വേ സ്റ്റേഷനില്‍ 56 ട്രെയിനുകള്‍ നിര്‍ത്തുന്നുണ്ട്‌. എട്ടെണ്ണം ഇവിടെനിന്നു യാത്ര തുടങ്ങുകയും എട്ടെണ്ണം ഇവിടെ അവസാനിപ്പിക്കുകയും ചെയ്യും.