Breaking News

Trending right now:
Description
 
Jun 19, 2017

പുതുവൈപ്പില്‍ ലാത്തിച്ചാര്‍ച്ച്‌, സംഘര്‍ഷം

image പുതുവൈപ്പ്‌ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച ടെര്‍മിനല്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനുനേര്‍ക്ക്‌ പൊലീസ്‌ അതിക്രമം. സ്‌ത്രീകള്‍ അടക്കമുള്ള സമരക്കാരെ പൊലീസ്‌ തല്ലിച്ചതച്ചു. പദ്ധതിപ്രദേശത്തിനു സമീപം പൊലീസും സമരസമിതി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതോടെയാണ്‌ സംഭവങ്ങള്‍ക്കു തുടക്കം. പൊലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജിലും പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലും 30 സമരക്കാര്‍ക്കും 10 പൊലീസുകാര്‍ക്കും പരുക്കേറ്റു. പൊലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ ഫിഷറീസ്‌ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇന്നു എറണാകുളം ജില്ലയില്‍ തീരദേശ ഹര്‍ത്താലിനു ആഹ്വാനം ചെയ്‌തു. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ പുനരാരംഭിച്ചതോടെ പ്രദേശത്ത്‌ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പ്രതിഷേധവുമായി എത്തിയ സമരസമിതി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ്‌ അതിക്രമം അഴിച്ചുവിട്ടു. കണ്ണില്‍കണ്ടവരെയെല്ലാം പൊലീസ്‌ തല്ലിച്ചതച്ചു. പൊലീസ്‌ മര്‍ദ്ദനത്തില്‍ സ്‌ത്രീകളടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. നൂറ്റിമുപ്പതോളം പേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തുനീക്കി. ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവച്ചതോടെയാണ്‌ പ്രതിഷേധത്തിന്‌ ശമനം ഉണ്ടായത്‌. 21വരെ ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവച്ചതായി ബന്ധപ്പെട്ടവര്‍ കലക്ടറെ അറിയിച്ചു.