Breaking News

Trending right now:
Description
 
Jun 19, 2017

കൊച്ചി മെട്രോയുടെ ആദ്യ സര്‍വീസിന്‌ ആയിരങ്ങള്‍; മിനിമം യാത്രനിരക്ക്‌ 10 രൂപ

image ആകാശപാളത്തില്‍ കൊച്ചി മെട്രോയുടെ ആദ്യ സര്‍വീസിന്‌ തിങ്കളാഴ്‌ച തുടക്കമായി. രാവിലെ ആറിനു പാലാരിവട്ടത്തുനിന്നും ആലുവയില്‍നിന്നുമാണ്‌ പൊതുജനങ്ങള്‍ക്കായുടെ മെട്രോയുടെ ആദ്യ സര്‍വീസ്‌ ആരംഭിച്ചത്‌. മെട്രോയില്‍ ആദ്യയാത്ര ചെയ്യാന്‍ രാവിലെ അഞ്ചരമുതല്‍ ടിക്കറ്റ്‌ കൗണ്ടറിനു മുമ്പില്‍ ലൈനോടുകൂടിയ വന്‍തിരക്കായിരുന്നു. കൊച്ചിക്കുപുറമേ മറ്റു ജില്ലകളില്‍നിന്നുള്ളവരും മെട്രോയില്‍ യാത്ര ചെയ്യാന്‍ എത്തിയിരുന്നു. 5.45 മുതല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്‌തുതുടങ്ങി. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി ഏലിയാസ്‌ ജോര്‍ജ്‌ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ 10വരെ ഒരുദിവസം 219 സര്‍വീസാണുള്ളത്‌. ഒമ്പതുമിനിട്ടിന്റെ ഇടവേളകളിലാണ്‌ ട്രെയിനുകള്‍ പുറപ്പെടുന്നത്‌. സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കുള്ള കൊച്ചി വണ്‍ സ്‌മാര്‍ട്ടുകാര്‍ഡുകളുടെ വിതരണവും സ്റ്റേഷനുകളില്‍ ആരംഭിച്ചിട്ടുണ്ട്‌. പേരും ഫോണ്‍ നമ്പരും നല്‍കിയാണ്‌ കാര്‍ഡിനു രജിസ്റ്റര്‍ ചെയ്യേണ്ടത്‌. കാര്‍ഡിന്റെ നടപടിക്രമങ്ങള്‍ പത്തുമിനിട്ടിനുള്ളില്‍ പൂര്‍ത്തിയാകും. വില 150 രൂപയാണ്‌. പേരും ഫോണ്‍നമ്പരും മാത്രം നല്‍കി 10,000 രൂപയ്‌ക്കുവരെ ചാര്‍ജ്‌ ചെയ്യാനാവും. മറ്റു തിരിച്ചറിയില്‍ രേഖകള്‍ നല്‍കിയാല്‍ 50,000 രൂപയ്‌ക്കു ചാര്‍ജ്‌ ചെയ്യാനാവുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. അലുവ, പുളിച്ചുവട്‌, കമ്പനിപ്പടി, അമ്പാട്ടുകടവ്‌, മുട്ടം, കളമശേരി, കൊച്ചിന്‍യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴപാര്‍ക്ക്‌, പാലാരിവട്ടം എന്നിവയാണ്‌ സ്റ്റോപ്പുകള്‍. മിനിമം യാത്രാനിരക്ക്‌ 10 രൂപയാണ്‌. ആലുവയില്‍നിന്നു പാലാരിവട്ടംവരെ 25 മിനട്ടു യാത്രയ്‌ക്ക്‌ ടിക്കറ്റ്‌ നിരക്ക്‌ 40 രൂപയാണ്‌.