Breaking News

Trending right now:
Description
 
Jun 18, 2017

പനി: സംസ്ഥാനത്ത്‌ 11 മരണംകൂടി

image പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും ബാധിച്ച്‌ സംസ്ഥാനത്ത്‌ ശനിയാഴ്‌ച 11 പേര്‍കൂടി മരിച്ചു. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്‌. തിരുവനന്തപുരം വെള്ളായണിയില്‍ ബിജു-സിന്ധു ദമ്പതികളുടെ ഏകമകന്‍ അമല്‍കൃഷ്‌ണ (11), പാലക്കാട്‌ പട്ടാമ്പി ഓങ്ങല്ലൂര്‍ കാരക്കാട്‌ പാറപ്പുറം വരമംഗലത്ത്‌ ബഷീറിന്റെ മകന്‍ ആയിഷ (10) എന്നിവരാണ്‌ മരിച്ച കുട്ടികള്‍. ശംഖുമുഖം എയര്‍ഫോഴ്‌സ്‌ സ്‌റ്റേഷനിലെ സര്‍ജന്റ്‌ ഖണ്ഡ്‌പാല്‍, പ്രാവച്ചമ്പലം പൊറ്റവിള കോണ്‍വന്റ്‌ റോഡില്‍ കവിതാഭവനില്‍ കവിത, കൊല്ലം പാലത്തറ രാമവിലാസത്തില്‍ തങ്കമണി, നെടുമ്പന കുളപ്പാടം സുലേഖ, എറണാകുളം കിലുക്കന്‍ ടെസി, മരുതറോഡ്‌ ഇരട്ടിയാലില്‍ മണ്ണൂര്‍പുത്തന്‍പുര പ്രഭാവതി, ചാലിശേരി ചീരന്‍വീട്ടില്‍ ഷീബ, കോഴിക്കോട്‌ മടപ്പള്ളി നിഷ, വയനാട്‌ മീനങ്ങാടി മേരിലാന്റ്‌ എസ്റ്റേറ്റ്‌ തൊഴിലാളി രാജ എന്നിവരാണ്‌ മരിച്ച മറ്റുള്ളവര്‍. ശനിയാഴ്‌ച മാത്രം സംസ്ഥാനത്തു 18,875 പേര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പനിബാധിച്ചു എത്തിയെന്നാണ്‌ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്‌. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഇതിനുപുറമേവരും. ശനിയാഴ്‌ച ചികിത്സതേടിയവരില്‍ 138 പേര്‍ക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്‌. 13 പേര്‍ക്ക്‌ എച്ച്‌1 എന്‍1 സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച 10 പേര്‍ പനിബാധിച്ചു മരിച്ചിരുന്നു. പകര്‍ച്ചരോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം തുടരുമ്പോഴും മരണം നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. പകര്‍ച്ചപ്പനി വിഷയത്തില്‍ ഫലപ്രദമായ നടപടി വേണമെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.