Breaking News

Trending right now:
Description
 
Jun 18, 2017

സ്വപ്‌നം യാഥാര്‍ഥ്യമായി; കൊച്ചി മെട്രോ ഓടിത്തുടങ്ങി

image മലയാളികളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കികൊണ്ട്‌ കൊച്ചി മെട്രോ ഓടിത്തുടങ്ങി. ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ള 13.4 കിലോമീറ്റര്‍ ദൂരമുള്ള ആദ്യഘട്ട മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. തിങ്കളാഴ്‌ച രാവിലെ ആറുമുതല്‍ സാധാരണ സര്‍വീസ്‌ ഉണ്ടാകും. പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവേശന കവാടത്തില്‍ നാടമുറിച്ചായിരുന്നു പ്രധാനമന്ത്രി ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. തുടര്‍ന്ന്‌ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ മെട്രോട്രെയില്‍ പത്തടിപ്പാലം സ്റ്റേഷന്‍വരെ യാത്രചെയ്‌തശേഷം കലൂരിലെ ഉദ്‌ഘാടനവേദിയിലെത്തി മെട്രോയുടെ പ്രത്യേകതകള്‍ എണ്ണിപ്പറഞ്ഞു. നഗര വികസനത്തില്‍ ജനകേന്ദ്രീകൃത മാതൃക കൊണ്ടുവരാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. 50 നഗരങ്ങള്‍ പുതുതായി മെട്രോ സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍ മെട്രോകള്‍ക്കുവേണ്ട കോച്ചുകളും സിഗ്നല്‍ സംവിധാനവും ഇന്ത്യയില്‍തന്നെ നിര്‍മിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വികസനത്തിനുവേണ്ടി കേന്ദ്രവും സംസ്ഥാനവും കൈകോര്‍ക്കുമെന്നു പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചു. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു മെട്രോ യാത്രയ്‌ക്കുള്ള കൊച്ചി വണ്‍ സ്‌മാര്‍ട്ട്‌ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിമെട്രോയ്‌ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള കൊച്ചി വണ്‍ ആപ്പും പുറത്തിറക്കി. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും മുഖ്യമന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഗവര്‍ണര്‍ ജസ്റ്റീസ്‌ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മന്ത്രി തോമസ്‌ ചാണ്ടി, കെ.വി.തോമസ്‌ എംപി, മേയര്‍ സൗമിനി ജെയിന്‍, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ മാനേജിങ്‌ ഡയറക്ടര്‍ ഏലിയാസ്‌ ജോര്‍ജ്‌ തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.