Breaking News

Trending right now:
Description
 
Jun 17, 2017

1993ലെ സ്‌ഫോടനം; ആറുപേര്‍കൂടി കുറ്റക്കാര്‍

image 1993ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ ആധോലക കുറ്റവാളികളായ അബു സലേം, മുസ്‌തഫ ദോസ എന്നിവരടക്കം ആറുപേര്‍കൂടി കുറ്റക്കാരാണെന്നു പ്രത്യേക ടാഡ കോടതി വിധിച്ചു. 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത സ്‌ഫോടന പരമ്പര ഉണ്ടായി 24 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ വിധി. ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നിവയാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസില്‍ പ്രതിചേര്‍ത്തിരുന്ന അബ്ദുല്‍ കയ്യുവിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. ശിക്ഷാവാദം തിങ്കളാഴ്‌ച ആരംഭിക്കും. കേസില്‍ ആദ്യം അറസ്റ്റിലായിരുന്ന 123 പേര്‍ക്കെതിരെ 2007-ല്‍ വിചാരണ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ്‌ അബ സലേം, മുസ്‌തഫ ദോസ, അബ്ദുല്‍ ഖയ്യും, കരീമുല്ല ഖാന്‍, ഫിറോസ്‌ അബ്ദുല്‍ റഷീദ്‌ ഖാന്‍, അബു റിയാസ്‌ സിദ്ദിഖി, താഹിര്‍ മെര്‍ച്ചന്റ്‌ എന്നിവര്‍ അറസ്‌റ്റിലായത്‌. തുടര്‍ന്ന്‌ ഇവരുടെ കേസ്‌ പ്രത്യേകം പരിഗണിച്ചു. ഒളിവിലായിരുന്ന സലേമിനെ പോര്‍ച്ചുഗലും ദോസയെ യുഎഇയുമാണ്‌ ഇന്ത്യയ്‌ക്കു കൈമാറിയത്‌. 1992 ഡിസംബര്‍ ആറിന്‌ ആയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയ കലാപത്തിനു പ്രതികാരമായാണ്‌ 1993 മാര്‍ച്ച്‌ 12ന്‌ നടന്ന മുംബൈ സ്‌ഫോടന പരമ്പരകളെന്നു സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരകനായിരുന്ന യാക്കൂബ്‌ മേമനെ രണ്ടുവര്‍ഷം മുമ്പ്‌ തൂക്കിലേറ്റി.