Breaking News

Trending right now:
Description
 
Jun 17, 2017

ബാങ്ക്‌ അക്കൗണ്ടിനും ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി

image പുതിയ ബാങ്ക്‌ അക്കൗണ്ടുകള്‍ തുറക്കാനും 50,000 രൂപയ്‌ക്കു മുകളിലുള്ള ബാങ്ക്‌ ഇടപാടുകള്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലുള്ള ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ 31നകം ആധാര്‍ സമര്‍പ്പിക്കേണ്ടതാണ്‌. അതല്ലായെങ്കില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കും. കള്ളപ്പണം വെളിപ്പിക്കല്‍ തടയുന്നതിനുള്ള നിയമത്തിനു കീഴിലുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്‌താണ്‌ കേന്ദ്ര റവന്യു വകുപ്പ്‌ ഇതുസംബന്ധിച്ച്‌ വിജ്ഞാപനം ഇറക്കിയത്‌. വിദേശത്തേക്കു പണം അയയ്‌ക്കുന്നതിനും ഇടപാടുകാരന്റെ ആധാര്‍ നിര്‍ബന്ധമാണ്‌. വ്യക്തികളും കമ്പനികളും പാര്‍ട്‌നര്‍ഷിപ്പ്‌ സ്ഥാപനങ്ങളും 50,000 രൂപയ്‌ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക്‌ പാന്‍കാര്‍ഡിനും ഫോം 60നും ഒപ്പം ആധാര്‍ വിവരങ്ങളും നല്‍കണമെന്നാണ്‌ പുതിയ നിയമം. കെവൈസി രേഖകള്‍ ഇല്ലാതെ തുറക്കാമായിരുന്ന 50,000 രൂപവരെ നിക്ഷേപമുള്ള ചെറു ബാങ്ക്‌ അക്കൗണ്ടുകള്‍ ഇനി കോര്‍ ബാങ്കിങ്‌ സംവിധാനമുള്ള ബ്രാഞ്ചുകളില്‍ മാത്രമേ തുറക്കാന്‍പാടുള്ളൂ. വിദേശത്തുനിന്നു പണം ഇത്തരം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനുള്ള സംവിധാനവും ബാങ്കുകളിലുണ്ടാകണം. പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനു കഴിഞ്ഞ ആഴ്‌ച സുപ്രീംകോടതി അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ്‌ പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്‌. ഒന്നിലധികം പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ആളുകള്‍ നികുതി വെട്ടിപ്പു നടത്തുന്നതു തടയുന്നതിനാണ്‌ ഇത്തരത്തിലുള്ള നടപടിയെന്നാണ്‌ സര്‍ക്കാരിന്റെ വിശദീകരണം.