Breaking News

Trending right now:
Description
 
Jun 16, 2017

മെട്രോ ഉദ്‌ഘാടനം നാളെ; കൊച്ചി കനത്ത സുരക്ഷയില്‍

image മെട്രോ റെയില്‍ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയില്‍ എത്തും. സുരക്ഷയുടെ ഭാഗമായി കൊച്ചി കനത്ത പൊലീസ്‌ വലയത്തിലായിരിക്കും. രാവിലെ 10.15നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐഎന്‍എസ്‌ ഗരുഡയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെന്നു റോഡുമാര്‍ഗം മെട്രോ യാത്രക്കായി പുറപ്പെടും. 10.35നു പാലാരിവട്ടം സ്റ്റേഷനില്‍നിന്നു പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ അദ്ദേഹം യാത്രചെയ്യും. 11നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനു മുന്നിലെ മൈതാനത്തു നടക്കുന്ന ടചങ്ങില്‍ പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ സമര്‍പ്പണം നടത്തും. ഉച്ചയ്‌ക്ക്‌ 12.15ന്‌ സെന്റ്‌ തെരേസാസ്‌ കോളജില്‍ പി.എന്‍.പണിക്കര്‍ ദേശീയ വായനാ മാസാചരണവും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉന്നതാദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ്‌ സംസ്ഥാന പൊലീസ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. 

പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക്‌ 18 എസ്‌പി, 40ഡിവൈഎസ്‌പി, 50 സിഐ, 350 എസ്‌ഐ എന്നിവരുള്‍പ്പെടെ രണ്ടായിരം പൊലീസ്‌ ഉദ്യോഗസ്ഥരെയാണ്‌ വിന്യസിക്കുന്നത്‌. 350 വനിതാ ട്രെയിനി കെഡറ്റുകളുടെയും 185 എസ്‌ഐ ട്രെയിനി കേഡറ്റുകളുടെയും സേവനുമുണ്ടാകും. 150 പൊലീസുകാരെ മഫ്‌തിയും നിയോഗിക്കും. ഇന്നു വൈകിട്ടു മുതല്‍ ഉദ്‌ഘാടനവേദി ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ സുരക്ഷ 160 കമാന്‍ഡോകള്‍ ഏറ്റെടുക്കും. ഉദ്‌ഘാടനപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്നു നിര്‍ദേശമുണ്ട്‌. വാഹനങ്ങളുടെ റിമോട്‌ കീ, ബാഗ്‌, വെള്ളക്കുപ്പി എന്നിവയും അനുവദിക്കില്ല. ഉദ്‌ഘാടനത്തിന്‌ ഒരുമണിക്കൂര്‍മുമ്പ്‌ പന്തലില്‍ പ്രവേശിക്കണമെന്നുണ്ട്‌. നേവല്‍ബേസ്‌, തേവര, പള്ളിമുക്ക്‌, ജോസ്‌ ജംക്ഷന്‍, ബിടിഎച്ച്‌ ജംക്ഷന്‍, സുഭാഷ്‌ പാര്‍ക്ക്‌, ഹൈക്കോടതി ജംക്ഷന്‍, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രണവും ഉണ്ടായിരിക്കും.