Breaking News

Trending right now:
Description
 
Jun 15, 2017

ഒടുവില്‍ ജാമ്യം; ഒളിവില്‍ കഴിയേണ്ടതില്ലെന്ന്‌ മല്യ

image ഇന്ത്യയിലെ ബാങ്കുകള്‍ക്ക്‌ 9000 കോടി രൂപ വായ്‌പാ കുടിശിക വരുത്തി ലണ്ടനിലേക്ക്‌ മുങ്ങിയ വിവാദ വ്യവസായി വിജയ്‌ മല്യയ്‌ക്ക്‌ വെസ്റ്റ്‌ മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതി ഡിസംബര്‍ നാലുവരെ ജാമ്യം അനുവദിച്ചു. മല്യയെ ഇന്ത്യയ്‌ക്കു വിട്ടുതരുന്നതിനു മുന്നോടിയായുള്ള കേസിന്റെ ആദ്യ വാദത്തിനിടെയാണ്‌ കോടതി ജാമ്യം അനുവദിച്ചത്‌. തന്റെ വാദം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നു മല്യ കോടതിയെ അറിയിച്ചു. കേസ്‌ ജൂലൈ ആറിനു വീണ്ടും പരിഗണിക്കും. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയേണ്ട ആവശ്യം തനിക്കില്ലെന്നു കോടതിക്കു പുറത്ത്‌ മല്യ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. തന്റെ ഭാഗം വിശദീകരിക്കുന്നതിനുള്ള തെളിവുകള്‍ ഉണ്ട്‌. ഞാനൊരു കോടതിയേയും വെട്ടിച്ചുനടക്കുന്നില്ല. താന്‍ പറയുന്നകാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും വ്യക്തമാക്കി. ഇന്നലെ നടന്ന വാദം കേള്‍ക്കാന്‍ ഡല്‍ഹിയില്‍നിന്നുള്ള സിബിഐ സംഘം എത്തിയിരുന്നു. ബാങ്കുകള്‍ക്ക്‌ വായ്‌പാ കുടിശിക വരുത്തിയ മല്യ 2016 മാര്‍ച്ചിലാണ്‌ ലണ്ടനില്‍ എത്തിയത്‌. ഇന്ത്യന്‍ സര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ മല്യയ്‌ക്കെതിരെ പുറത്താക്കല്‍ വാറന്റ്‌ പുറപ്പെടുവിച്ചു. ഇതിനെതുടര്‍ന്ന്‌ മല്യയെ അവിടുത്തെ പൊലീസ്‌ അറസ്റ്റുചെയ്‌തുവെങ്കിലും പിന്നീട്‌ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ ആദ്യവാദം മേയ്‌ 17ന്‌ ആരംഭിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ജൂണ്‍ 13ലേക്കു മാറ്റുകയായിരുന്നു. നിരവധി അപ്പിലൂകള്‍ക്കും വാദങ്ങള്‍ക്കുംശേഷമാകും കേസില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.