Breaking News

Trending right now:
Description
 
Jun 15, 2017

തലശേരി ഗവ. ബ്രണ്ണന്‍ കോളജ്‌ മാഗസിനില്‍ അശ്ലീലം

image തലശേരി ഗവ.ബ്രണ്ണന്‍ കോളജ്‌ പുറത്തിറക്കിയ മാഗസിനില്‍ അശ്ലീലവും ദേശവിരുദ്ധതയും എന്ന്‌ ആരോപണം. പ്രതിഷേധം വ്യാപകമായതോടെ മാഗസിന്റെ വിതരണം നിര്‍ത്തി. എസ്‌എഫ്‌ഐ നിയന്ത്രണത്തിലുള്ള യൂണിയന്‍ പെല്ലെറ്റ്‌ എന്നു പേരിട്ടു പുറത്തിറക്കിയ മാഗസിനില്‍ 12, 13 പേജിലെ ലേഖനത്തിനൊപ്പം ചേര്‍ത്ത കാര്‍ട്ടൂണാണ്‌ വിവാദത്തിന്‌ വഴിയൊരുക്കിയത്‌. സിനിമാ തിയറ്ററില്‍ കസേര വിട്ടെഴുന്നേല്‍ക്കുന്ന രാജ്യസ്‌നേഹം എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ച ലേഖനത്തിനൊപ്പം സ്‌ത്രീ പീഡിപ്പിക്കപ്പെടുന്നതായ കാര്‍ട്ടൂണ്‍ ആണ്‌ ചേര്‍ത്തിട്ടുള്ളത്‌. വെള്ളിത്തിരയില്‍ ദേശീയ പതാക പാറുമ്പോള്‍ തിയറ്ററിനകത്ത്‌ ഒഴിഞ്ഞ കസേരകള്‍ക്കു പിന്നിലായി സ്‌ത്രീയും പുരുഷനും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നു തോന്നിക്കുന്ന രീതിയിലാണ്‌ കാര്‍ട്ടൂണ്‍. ദേശീയ പതാകയെ അപമാനിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. 84-ാം പേജില്‍ ഓം ചിഹ്നത്തെയും രക്ഷാബന്ധനെയും പരിഹസിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ വരച്ചതും പ്രതിഷേധമുണ്ടാക്കി. സംഭവം വിവാദമായതോടെ മാഗസിന്റെ 12, 13, 84 പേജുകള്‍ പിന്‍വലിക്കാന്‍ കോളജ്‌ പ്രിന്‍സിപ്പല്‍ മുരളീദാസിന്റെ അധ്യക്ഷതയില്‍ കൂടിയ കോളജ്‌ സ്‌റ്റാഫ്‌ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.