Breaking News

Trending right now:
Description
 
Jun 15, 2017

ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി കാലം ചെയ്‌തു

image കോട്ടയം ക്‌നാനായ അതിരൂപതയുടെ പ്രഥമ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരി (89) കാലം ചെയ്‌തു. കാരിത്താസ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്‌ച വൈകുന്നേരം 4.45നായിരുന്നു അന്ത്യം. ഭൗതികശരീരം വെള്ളിയാഴ്‌ച രണ്ടു മുതല്‍ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. ശനിയാഴ്‌ച ഉച്ചയ്‌ക്കു രണ്ടിനു ദിവ്യബലിയോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം കത്തീഡ്രലിനോടു ചേര്‍ന്നുള്ള കബറിടത്തില്‍ കബറടക്കും. അതിരൂപതയില്‍ ഏഴുദിവസത്തെ ദുഖാചരണം ഉണ്ടായിരിക്കും. കാരിത്താസ്‌ ആയൂര്‍വേദ ആശുപത്രി, കാരിത്താസ്‌ നാച്വറോപ്പതി യോഗ സെന്റര്‍ എന്നിവയുടെ സ്ഥാപകനാണ്‌. വല്ലമ്പ്രോസിയന്‍ ബനഡിക്ടര്‍സഭ, ലിറ്റില്‍ ഡോക്ടേഴ്‌സ്‌ ഓഫ്‌ ഔവര്‍ ലേഡി ഓഫ്‌ പ്രോവിഡന്‍സ്‌, ഡോട്ടേഴ്‌സ്‌ ഓഫ്‌ മോസ്‌റ്റ്‌ പ്രഷ്യസ്‌ ബ്ലഡ്‌ തുടങ്ങിയ സന്യാസസമൂഹങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും പ്രധാനപങ്കുവഹിച്ചു. റോമിലെ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റി, ലാറ്ററന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ന്നു ദൈവശാസ്‌ത്രത്തിലും കാനന്‍ നിയമത്തിലും ഉന്നതബരുദം നേടി. വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠം വൈസ്‌ ചാന്‍സലര്‍, കെസിബിസി സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.

കടുത്തുരുത്തി കുന്നശേരില്‍ ജോസഫ്‌-അന്നമ്മ ദമ്പതികളുടെ മകനായി 1928 സെപ്‌റ്റംബര്‍ 11നാണ്‌ കുര്യാക്കോസ്‌ കുന്നശേരി ജനിച്ചത്‌. വൈദികപരിശീലനത്തിനുശേഷം 1955 ഡിസംബര്‍ 21നു വൈദികപട്ടം സ്വീകരിച്ചു. 1967 ഡിസംബര്‍ ഒമ്പതിന ്‌പോള്‍ ആറാമന്‍ മാര്‍പാപ്പ കോട്ടയം രൂപതയുടെ പിന്തുടര്‍ച്ചാ അവകാശത്തോടുകൂടിയ സഹായമെത്രാനായി അദ്ദേഹത്തെ നിയമിച്ചു. അന്ന്‌ 39 വയസായിരുന്നു പ്രായം. 1974 മേയ്‌ അഞ്ചിനു കോട്ടയം രൂപതാധ്യക്ഷനായി ചുമതലയേറ്റു. 2006 ജനുവരി 14നാണ്‌ അതിരൂപതാ ഭരണത്തില്‍നിന്നു വിരമിച്ചത്‌. തെള്ളകത്ത്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററും അനുബന്ധ മന്ദിരങ്ങളും കോതനല്ലൂരില്‍ തുവാനിസ പ്രാര്‍ഥനാമന്ദിരവും ഇദ്ദേഹമാണ്‌ സ്ഥാപിച്ചത്‌. തെള്ളകം ബിഷപ്‌ തറയില്‍ മെമ്മോറിയല്‍ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.