Breaking News

Trending right now:
Description
 
Jun 14, 2017

ബംഗ്ലാദേശില്‍ കനത്തമഴയും മണ്ണിടിച്ചിലും: 134 മരണം

image തെക്കുകിഴക്കന്‍ ബംഗ്ലാദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 134 പേര്‍ മരിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള കുന്നിന്‍പ്രദേശത്തെ ഗ്രാമങ്ങളിലാണ്‌ മഴ വന്‍ ദുരന്തമൊരുക്കിയത്‌. മരിച്ചവരില്‍ സൈനികരുമുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. നിരവധിപേര്‍ക്ക്‌ പരുക്കുണ്ട്‌. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്‌. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാക്കി. രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ ദുരന്തസ്ഥലങ്ങളില്‍ എത്തുന്നതിന്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാകുന്നുണ്ട്‌. ഗതാഗത, ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായി. ചിറ്റഗോംഗ്‌, ബന്ദര്‍ബന്‍, രംഗമതി ജില്ലകളിലാണ്‌ ഏറെ നാശമുണ്ടായത്‌. രംഗമതി ജില്ലയില്‍ മാത്രം 74 പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. ഇവിടെ പ്രധാന റോഡിലെ ദുരന്ത അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ്‌ നാലു സൈനികര്‍ മരിച്ചത്‌. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. മരിച്ചവരില്‍ ഏറെയും ആദിവാസി വിഭാഗത്തില്‍പെട്ടവരാണ്‌. മണ്ണിടിച്ചിലിലാണ്‌ അപകടം ഏറെയും ഉണ്ടായത്‌. വെള്ളത്തില്‍ മുങ്ങിയും വീടിന്റെ ചുമരുകള്‍ ഇടിഞ്ഞുവീണും ഒട്ടേറെപ്പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.