Breaking News

Trending right now:
Description
 
Jun 14, 2017

ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപുത്തം; ഒട്ടേറെപ്പേര്‍ കെട്ടിടത്തില്‍ കുടുങ്ങി

image പടിഞ്ഞാറന്‍ ലണ്ടനില്‍ 27 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപിടുത്തം. പ്രാദേശിക സമയം പുലര്‍ച്ചെ 1.16നാണ്‌ തീപിടുത്തമുണ്ടായത്‌. കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും തീപിടിച്ചു. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ രക്ഷാപ്രവര്‍ത്തകര്‍. നാല്‍പതോളം അഗ്നിശമന യൂണിറ്റുകളാണ്‌ എത്തിയിട്ടുള്ളത്‌. വളരെ വേഗത്തില്‍ തീ പടര്‍ന്നുപിടിക്കുന്നത്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ഏറെ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നുണ്ട്‌. ഒട്ടേറെപ്പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്‌. കനത്ത പുക ശ്വാസതടസം ഉണ്ടാക്കുന്നുണ്ട്‌. പുകശ്വസിച്ച്‌ രണ്ടുപേര്‍ക്ക്‌ അസ്വസ്ഥത ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ്‌ ആദ്യം തീ പിടിച്ചത്‌. തുടര്‍ന്ന്‌ വ്യാപിക്കുകയായിരുന്നു. 120 ഫ്‌ളാറ്റുകള്‍ കെട്ടിടത്തിലുണ്ട്‌. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ തീ പിടുത്തം വളരെ വൈകിയാണ്‌ പലരും അറിഞ്ഞത്‌. നാല്‍പത്തിമൂന്ന്‌ വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും തീ പിടുത്തത്തില്‍ തകര്‍ന്നുവീഴുന്നുണ്ടെന്നാണ്‌ അവസാനം ലഭിച്ച റിപ്പോര്‍ട്ട്‌. അഗ്നിശമനസേനയുടെ ഇരുന്നൂറിലേറെ ഉദ്യോഗസ്ഥരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന്‌ രംഗത്തുണ്ട്‌. കെട്ടിടത്തിനു സമീപപ്രദേശത്തുള്ളവരെ ഇതിനോടകം ഒഴിപ്പിച്ചു. തീ പിടിക്കാനുള്ള കാരണം കണ്ടെത്തിയിട്ടില്ല.