Breaking News

Trending right now:
Description
 
Jun 13, 2017

കാര്‍ഷികകടം എഴുതിതള്ളില്‍: സാമ്പത്തികഭാരം വഹിക്കേണ്ടത്‌ സംസ്ഥാനങ്ങളെന്നു ജയ്‌റ്റ്‌ലി

image കാര്‍ഷിക കടം എഴുതിതള്ളുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയില്‍വച്ച്‌ കേന്ദ്രം തലയൂരി. കാര്‍ഷിക കടങ്ങള്‍ കണ്ണുമടച്ചു എഴുതിതള്ളുന്ന സംസ്ഥാനങ്ങള്‍ അതില്‍നിന്നുണ്ടാകുന്ന സാമ്പത്തികഭാരം വഹിക്കേണ്ടതാണെന്നു ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പ്രഖ്യാപിച്ചു. കാര്‍ഷിക കടാശ്വാസങ്ങള്‍ നല്‍കുന്നതിനുള്ള സാമ്പത്തിക സ്രോതസുകള്‍ സംസ്ഥാനങ്ങള്‍തന്നെ കണ്ടെത്തുകയും വേണം. പൊതുമേഖലാ ബാങ്ക്‌ മേധാവികളുടെ യോഗത്തിനുശേഷമാണ്‌ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. മഹാരാഷ്ട്രസര്‍ക്കാര്‍ കാര്‍ഷിക വായ്‌പകള്‍ ഒന്നടങ്കം എഴുതിതള്ളിയതിനു പിന്നാലെയായിരുന്നു ജയ്‌റ്റ്‌ലിയുടെ മുന്നറിയിപ്പ്‌. ഉത്തര്‍പ്രദേശ്‌ സര്‍ക്കാരും കാര്‍ഷിക വായ്‌പകള്‍ എഴുതിതള്ളിയിരുന്നു. യുപിയില്‍ ചെറുകിട കര്‍ഷകരുടെ 36.35 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ്‌ എഴുതിതള്ളിയത്‌. ഇതിനു പിന്നാലെ മധ്യപ്രദേശ്‌, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമാന ആവശ്യം ഉന്നയിച്ചു കര്‍ഷകര്‍ പ്രക്ഷോഭത്തിന്‌ ഇറങ്ങിയിട്ടുണ്ട്‌. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനെ കൂടാതെ മഹാരാഷ്ട്രയിലും കര്‍ഷകര്‍ സമരത്തിലാണ്‌. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സംഘടിച്ചു സമരമാര്‍ഗത്തിലേക്കു ഇറങ്ങിയ സാഹചര്യത്തിലാണ്‌ ധനമന്ത്രി ജയ്‌റ്റ്‌ലി ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്‌. സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതുതള്ളുന്നത്‌ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും വിലക്കയറ്റത്തിനും കാരണമാകുമെന്നു റിസര്‍വ്‌ ബാങ്ക്‌ മുന്നറിയിപ്പുനല്‍കിക്കഴിഞ്ഞു.