Breaking News

Trending right now:
Description
 
Jun 12, 2017

ജിഎസ്‌ടി: ഇന്‍സുലിന്‍ അടക്കം 66 ഇനങ്ങള്‍ക്ക്‌ നികുതി കുറയും

image രാജ്യത്ത്‌ ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സുലിന്‍, കശുവണ്ടി, കയര്‍ തുടങ്ങിയവയുള്‍പ്പെടെ 66 ഇനങ്ങള്‍ക്ക്‌ നികുതി നിരക്ക്‌ കുറയും. ഞായറാഴ്‌ച ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിലാണ്‌ തീരുമാനം. നികുതി കുറയ്‌ക്കണമെന്നു വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ച 133 ഇനങ്ങളില്‍നിന്നാണ്‌ 66 ഇനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്‌. ചന്ദനത്തിരി, സ്‌കൂള്‍ബാഗ്‌, കംപ്യൂട്ടര്‍ പ്രിന്റര്‍, കണ്‍മഷി തുടങ്ങിയവയ്‌ക്കും നികുതി നിരക്ക്‌ കുറയും. കശുവണ്ടി, കയര്‍, ഐസ്‌ എന്നിവയുടെ നികുതി 12 ശതമാനത്തില്‍നിന്നു അഞ്ചുശതമാനമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു. ഇലക്ട്രോണിക്‌ വേ ബില്‍ സംവിധാനം പ്രാബല്യത്തിലാവുന്നതുവരെ സംസ്ഥാനത്തു നിലവിലെ ചെക്‌ പോസ്‌റ്റ്‌ സംവിധാനം തുടരും. ഇത്‌ ഒഴിവാക്കണമെന്ന കേന്ദ്രനിലപാട്‌ കേരളം അംഗീകരിച്ചില്ല. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും അനുമാന നികുതി അടയ്‌ക്കാവുന്ന വാര്‍ഷിക വിറ്റുവരവ്‌ പരിധി 50 ലക്ഷത്തില്‍നിന്നു 75 ലക്ഷം രൂപയായി ഉയര്‍ത്തി. സിനിമ തിയറ്ററില്‍ 100 രൂപവരെയുള്ള ടിക്കറ്റിന്‌ 18 ശതമാനവും 100 രൂപയ്‌ക്കു മുകളിലുള്ളതിിന്‌ 28 ശതമാനവും നികുതി ഏര്‍പ്പെടുത്തും. പഴങ്ങള്‍, പച്ചക്കറി, ജാം, അച്ചാര്‍ തുടങ്ങിയ പായ്‌ക്ക്‌ ചെയ്‌ത ഭക്ഷണം, ഡെന്റല്‍വാക്‌സ്‌, വീടുകളിലെ നെയ്‌ത്ത്‌, കരകൗശലവേല, സാനിട്ടറി നാപ്‌കിന്‍, പ്ലാസ്റ്റിക്‌ ടാര്‍പോളിന്‍, ഡെന്റല്‍വാക്‌സ്‌, കളറിങ്‌ ബുക്‌, സിസിടിവി, കാഴ്‌ചകൂട്ടാന്‍ ഉപയോഗിക്കുന്ന കണ്ണടകള്‍, കേഴ്‌ വി സഹായികള്‍ തുടങ്ങിയവയ്‌ക്കും നികുതി കുറയും. ജിഎസ്‌ടി നടപ്പാക്കുമ്പോള്‍ നികുതി കുറയുന്നതിനാല്‍ വിലയിലുണ്ടാകുന്ന മാറ്റത്തിന്റെ മെച്ചം ഉപയോക്താക്കള്‍ക്കു ലഭിക്കണമെന്നാണ്‌ ജിഎസ്‌ടി നിയമത്തിലെ വ്യവസ്ഥ.