Breaking News

Trending right now:
Description
 
Jun 12, 2017

രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കപ്പല്‍ പിടിച്ചെടുത്തു

image കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ വിദേശ ചരക്കുകപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക്‌ പൊലീസ്‌ കേസെടുത്തു. അസം സ്വദേശി രാഹുല്‍ ദാസ്‌ (27), തമിഴ്‌നാട്‌ കുളച്ചില്‍ സ്വദേശി തമ്പിദുരൈ (45) എന്നിവരാണ്‌ മരിച്ചത്‌. അസംസ്വദേശി മോത്തിദാസിനെ കാണാതായി. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്‌. ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേര്‍ക്കു നിസാര പരുക്കേറ്റു. അപകടമുണ്ടാക്കിയ ആംബര്‍ എല്‍ എന്ന കപ്പല്‍ തീരത്തുനിന്നു ആറു നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ കോസ്‌റ്റ്‌ ഗാര്‍ഡ്‌ പിന്തുടര്‍ന്ന്‌ പിടിച്ചെടുത്തു. കപ്പല്‍ തടഞ്ഞുവച്ചിരിക്കുകയാണ്‌. കപ്പലിന്റെ വോയ്‌സ്‌ ഡേറ്റ റെക്കോര്‍ഡറും യാത്രാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്‌. പ്രാഥമികാന്വോഷണം പൂര്‍ത്തിയായാലേ യാത്രാനുമതി നല്‍കുകയുള്ളൂ. കപ്പല്‍ തുറമുഖത്ത്‌ അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഞായറാഴ്‌ച പുലര്‍ച്ചെ ചാവക്കാടു തീരത്തുനിന്നു 14 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന ബോട്ടിലാണ്‌ കപ്പല്‍ ഇടിച്ചത്‌. ബോട്ട്‌ പൂര്‍ണമായി തകര്‍ന്നു. നിര്‍ത്താതെ പോയ കപ്പലിനെ നേവിയും കോസ്‌റ്റ്‌ഗാര്‍ഡും പിന്തുടരുകയായിരുന്നു. അപകടം ഉണ്ടായ വിവരം കപ്പല്‍ ജീവനക്കാര്‍ അറഞ്ഞിരുന്നില്ലെന്നാണ്‌ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്‌. അപകടം നടക്കുമ്പോള്‍ ബോട്ടിലെ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. സംഭവസ്ഥലത്തുനിന്നു രണ്ടുകിലോമീറ്റര്‍ അകലയുള്ള മറ്റൊരു മത്സ്യബന്ധനബോട്ടിലുള്ളവര്‍ ശബ്ദംകേട്ട്‌ എത്തിയാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. അപകടം വരുത്തിയ കപ്പലിനെതിരെ മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്‌. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഫെബ്രുവരിയില്‍ യുഎസിലെ പോര്‍ട്ട്‌ ലാന്‍ഡില്‍ ദിവസങ്ങളോളം കപ്പല്‍ തടഞ്ഞുവച്ചതായാണ്‌ വിവരം. ക്യാപ്‌റ്റനടക്കം 28 ജീവനക്കാരാണ്‌ കപ്പലില്‍ ഉള്ളത്‌. മരിച്ചവരുടെ കുടുംബത്തിന്‌ രണ്ടുലക്ഷം രൂപവീതം അടിയന്തരസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.