Breaking News

Trending right now:
Description
 
Jun 09, 2017

കാലാവസ്ഥാ വ്യതിയാനം: അര്‍ധഫോസില്‍ മരത്തടികളെക്കുറിച്ച്‌ പഠിക്കാന്‍ സൗകര്യം

കിരണ്‍ കണ്ണന്‍
image കേരളത്തിലെ പ്രാചീന കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും തൃശൂര്‍ മുതല്‍ ആലപ്പുഴവരെ വ്യാപകമായി കാണുന്ന അര്‍ധഫോസില്‍ മരത്തടികളെക്കുറിച്ചും പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ സൗകര്യം. ഗെയല്‍ പൈപ്പ്‌ലൈന്‍ ചാലെടുക്കുന്നതിനൊപ്പം നടന്നാല്‍ ഇതു സാധ്യമാകും. ഉപരിതലത്തില്‍നിന്നു ഒന്നരമുതല്‍ മൂന്നുമീറ്റര്‍ ആഴത്തിലാണ്‌ കുഴിയെടുപ്പ്‌ നടക്കുന്നത്‌. തൃശൂര്‍ നിലങ്ങളിലെ പുഞ്ചനിലങ്ങളിലൊക്കെ കാര്‍ബണേറ്റഡ്‌ മരത്തടികളുടെ വലിയ ശേഖരമുണ്ട്‌. വലിയ വേരുകള്‍, തടികള്‍, ആകൃതി നഷ്ടപ്പെടാത്ത ഇലകള്‍വരെ ലഭ്യമാണ്‌. സ്വതന്ത്രമായി ഇങ്ങനെ ഒരു പഠനം ഈവിധം നടത്തണമെങ്കില്‍ ഫോസില്‍ ഖനനത്തിനും അനുമതികള്‍ക്കുമായി കൂടുതല്‍ സമയവും പണവും കണ്ടെത്തേണ്ടിവരും.

1500 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കൊടും വനമായിരുന്നു കേരളത്തിന്റെ താഴ്‌ന്ന പ്രദേശങ്ങളൊക്കെയും. അതിനുശേഷം വന്ന പ്രളയകാലത്ത്‌ നിലവില്‍ കരയായി കിടന്ന കേരളത്തിന്റെ 30 ശതമാനം ഭൂവിഭാഗവും വെള്ളത്തിനടിയിലായി. ഈപ്രദേശത്തെ മണ്ണിനടിയില്‍ പല അടക്കുകളിലായി കക്കകളും ശംഖുകളും അനേകം സബ്‌ ഫോസിലൈസ്‌ഡ്‌ മരത്തടികളായും കാണാവുന്നതാണ്‌. ഗൂഗിള്‍ സ്‌കോളര്‍ പരിശോധിച്ചാല്‍ ഈ വിഷയങ്ങളില്‍ ഇതിനുമുമ്പ്‌ നടന്ന പഠനങ്ങളുടെ പിയര്‍ റിവ്യൂ കഴിഞ്ഞ റിസര്‍ച്ച്‌ പേപ്പറുകള്‍ ലഭ്യമാണ്‌. പ്രാദേശികമായി സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും എളുപ്പത്തില്‍ ഫോസില്‍ ശേഖരണത്തിന്‌ ഗെയില്‍ വാതക പൈപ്പ്‌ ലൈനിനുവേണ്ടി കുഴിക്കുന്നിടത്ത്‌ പോയാല്‍ മതിയാകും. പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക്‌ പ്രോജക്ട്‌ ചെയ്യാവുന്നതാണ്‌.