Breaking News

Trending right now:
Description
 
Jun 01, 2017

അംഗനവാടി വര്‍ക്കറുടെ മകന്‌ സിവിള്‍ സര്‍വീസ്‌; ആഹ്ലാദത്തിമിര്‍പ്പില്‍ ഏലപ്പാറ നിവാസികള്‍

image
ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിന്റെ അഭിമാന മുഹുര്‍ത്തമായി അംഗനവാടി വര്‍ക്കറുടെ മകനായ അര്‍ജുന്‍ പാണ്ഡ്യന്‍ ഇരുന്നൂറ്റി നാല്‍പ്പത്തിയെട്ടാം റാങ്കോടെ ഇന്ത്യന്‍ സിവിള്‍ സര്‍വീസ്‌ നേടി. രണ്ടാം വട്ടം ശ്രമത്തിലാണ്‌ ഇന്ത്യയിലെ ഏറ്റവും തിളക്കമുള്ള ഐ എ എസ്‌ അര്‍ജുന്‍ കൈപ്പിടിയില്‍ ഒതുക്കിയത്‌. കൊല്ലം ടി കെ എം കോളജില്‍ നിന്നു നിന്നു ബി ടെക്ക്‌ പൂര്‍ത്തിയാക്കിയ അര്‍ജുന്‍, എറണാകുളത്ത്‌ ടി സി എസില്‍ ജോലി ചെയ്‌തുവരികെയാണ്‌ ഐ എ എസ്‌ മോഹം ഉദിച്ചത്‌. പിന്നീട്‌ തിരുവനന്തപുരം സിവിള്‍ സര്‍വീസ്‌ അക്കാദമിയില്‍ പഠനം ആരംഭിച്ചു. ആദ്യവട്ട ശ്രമത്തില്‍ മെയിന്‍ പരീക്ഷ പാസായെങ്കിലും അഭിമുഖത്തില്‍ പരാജയപ്പെടുകയായിരുന്നു. രണ്ടുവര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ സിവിള്‍ സര്‍വീസ്‌ കരസ്ഥമാക്കുകയായിരുന്നു
വിദ്യാഭ്യാസ മേഖലയില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന തോട്ടം -കാര്‍ഷിക മേഖലയായ ഏലപ്പാറയിലെ ബോണാമി സ്വദേശിയാണ്‌്‌ അര്‍ജുന്‍. 
പത്താം ക്ലാസ്‌ വരെ പീരുമേട്‌ മരിയഗിരിയില്‍ പഠിച്ച അര്‍ജുന്‍ 87 ശതമാനം മാര്‍ക്കോടെയാണ്‌ വിജയിച്ചത്‌. സയന്‍സ്‌ ഗ്രൂപ്പെടുത്ത്‌ കിളിമാനൂര്‍ ഗവണ്‍മെന്റ്‌ സ്‌കൂളില്‍ നിന്നു 92 ശതമാനം മാര്‍ക്കോടെ പ്ലസ്‌ ടു പാസായ അര്‍ജുന്‍ എന്‍ട്രന്‍സ്‌ എഴുതി കൊല്ലം ടി കെ എം കോളജില്‍ നിന്ന്‌ ബിടെക്ക്‌ നേടുകയായിരുന്നു. കാവുകുളം അംഗന്‍വാടിയിലെ വര്‍ക്കറായ ഉഷാകുമാരിയുടെയും ഇടത്തരം കര്‍ഷകനായ പാണ്ഡ്യന്റെയും മകനാണ്‌ അര്‍ജുന്‍. വിവാഹിതയായ അനുഷ ഏക സഹോദരിയുണ്ട്‌. അര്‍ജുന്റെ വിജയ വിവരം അറിഞ്ഞ ഉടന്‍ തന്നെ പീരുമേട്‌ എം എല്‍ എ ഇ എസ്‌ ബിജിമോള്‍ അര്‍ജുനെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള അര്‍ജുന്‍ ശനിയാഴ്‌ച നാട്ടില്‍ എത്തുമ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വലിയ സ്വീകരണ പരിപാടിയാണ്‌ ഒരുക്കിയിരിക്കുന്നത്‌. മാതാപിതാക്കളുടെയും സിവിള്‍ സര്‍വീസ്‌ അക്കാദമിയിലെ സഹപാഠികളുടെയും അകമഴിഞ്ഞ പിന്തുണയാണ്‌ തന്റെ വിജയത്തിന്‌ കാരണമായതെന്നു അര്‍ജുന്‍ പറഞ്ഞു.