Breaking News

Trending right now:
Description
 
Jun 01, 2017

സവര്‍ണന്റെ വിശുദ്ധ ഭക്ഷണങ്ങള്‍.....

ജിജി
image

നമ്മള്‍ എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത്‌ ജാതിയും മതവും സംസ്‌കാരവുമാണ്‌. ഭക്ഷണക്രമത്തിനൊരു ജാതിയുണ്ട്‌. നമ്മുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ജാതിയുടെ വേരുകള്‍ നാം അറിയാതെ നമ്മിലൂടെ പുറത്തു വരുന്നത്‌ ഭക്ഷണക്രമത്തിലൂടെയാണ്‌. ഞാന്‍ പി ജിയ്‌ക്ക്‌ പഠിക്കുന്ന സമയത്താണ്‌ ഭക്ഷണക്രമത്തിന്റെ ജാതിയുടെ അവഹേളനത്തിന്‌ ഇരയാകേണ്ടി വന്നത്‌. സത്യത്തില്‍ എന്നെ അപമാനിച്ചവര്‍ക്ക്‌ അവര്‍ ഒരു സമൂഹത്തിന്റെ ഭക്ഷണക്രമത്തെ അപമാനിക്കുകയാണെന്ന തിരിച്ചറിവ്‌ ഇന്നും ഉണ്ടാകാന്‍ സാധ്യതയില്ല. കാരണം ജാതി രൂപകല്‌പനം ചെയ്‌ത ചിന്തകള്‍ അവരുടെ മനസിനെ അത്രമാത്രം കീഴടക്കിയിരുന്നു.
എന്റെ ക്ലാസില്‍ ബ്രാഹ്മണ സമുദായത്തില്‍ പെട്ട കുട്ടികള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ മീനോ ഇറച്ചിയോ ഉച്ചയ്‌ക്ക്‌ ചോറിന്‌ കറിയായി കൊണ്ടു വന്നാല്‍ അവര്‍ നമ്മുടെ സമീപത്ത്‌ ഇരിക്കാന്‍ തയാറാകില്ല. ഒരിക്കല്‍ ഞാന്‍ മീന്‍ കൂട്ടി ചോറു ആസ്വദിച്ചുകഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ സുഹൃത്ത്‌ ശര്‍ദ്ദിക്കാന്‍ വരുന്നുവെന്നു പറഞ്ഞു പുറത്തേയ്‌ക്കോടി. ഞാന്‍ അപമാനിതയായി. ബ്രാഹ്മണ സമുദായത്തില്‍ല്‍പ്പെട്ട ആ കുട്ടിയുടെ സമീപത്ത്‌ ഇരുന്ന്‌ മത്സ്യമാംസാദികള്‍ ഭക്ഷിച്ച്‌ ആ കുട്ടിയെ അയിത്തമാക്കിയ എന്നെ മറ്റുള്ളവര്‍ അമര്‍ഷത്തോടെ നോക്കി. എന്റെ ഭക്ഷണത്തെ മാത്രമല്ല എന്റെ സംസ്‌കാരത്തെയാണ്‌ ആ കുട്ടി തന്റെ ശര്‍ദ്ദിയിലൂടെ അപമാനിച്ചത്‌. എന്നാല്‍ ആ കുട്ടി ഇന്നും താന്‍ ചെയ്‌തതാണ്‌ ശരിയെന്നാവും വിചാരിക്കുക. എനിക്ക്‌ തോന്നിയ അമര്‍ഷവും അപമാനവും ജീവിതത്തില്‍ മറ്റൊരിക്കലും സഹിച്ചിട്ടുണ്ടാവില്ല. ആ കുട്ടികളുടെ ജാതിയാണ്‌ അവരുടെ ഭക്ഷണക്രമത്തെ നിശ്ചയിച്ചിരിക്കുന്നത്‌. ആ ജാതിയില്‍ അഭിമാനം കൊള്ളുന്നു. അതിനാല്‍ അവരുടെ ഭക്ഷണ രീതി അവര്‍ ശ്രേഷ്‌ഠമായാണ്‌ കരുതുന്നത്‌.പിന്നീട്‌ മറ്റു ജാതിക്കാരും മതക്കാരുമായ കുട്ടികള്‍ ഇവരെ അനുകരിച്ച്‌ മത്സ്യമാംസാദികള്‍ കൊണ്ടുവരുന്നത്‌ കുറച്ചു. സവര്‍ണ സമുദായത്തില്‍പ്പെട്ട കുട്ടിയായതുകൊണ്ട്‌ അവരോടു മറ്റു ജാതിക്കാര്‍ക്ക്‌ തോന്നുന്ന ആദരവും വിധേയതവും അവരുടെ ഭക്ഷണക്രമത്തോടും ഉണ്ട്‌. നമ്മള്‍ ഏറ്റവും രുചികരമായി കഴിക്കുന്ന ആഹാരത്തിന്റെ മണം പോലും അവര്‍ക്ക്‌ അരുചികരമാകുന്നു. പിന്നെ അവരുടൈ കൂടെ എന്നെ ഭക്ഷണത്തിന്‌ ഇരുത്തുകയോ ഞാന്‍ അവരുടെ കൂടെ ഭക്ഷണം കഴിക്കാനോ ഇരുന്നിട്ടില്ല. മുസ്ലിംങ്ങള്‍ക്ക്‌ പന്നിമാംസം കണ്ടാല്‍ ശര്‍ദ്ദി വരും. അവര്‍ ഒരിക്കലും രുചിക്കാത്ത പന്നിമാംസമശുദ്ധിയുടെ അടയാളമാണെന്നു അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌ അവരുടെ മതമാണ്‌. നാഗലാന്‍ഡുകാരന്റെ പട്ടിയിറച്ചിയോടും ചൈനക്കാരന്റെ പാമ്പിറച്ചിയോടും നമുക്ക്‌ തോന്നുന്ന അകല്‍ച്ച ഇത്തരത്തിലുള്ളതാണ്‌. ഒരാളുടെ രുചിയും ഇഷ്ടവും മറ്റുള്ളവരില്‍ നിന്നു വ്യത്യസ്‌തമാണെന്നുള്ളത്‌ തികച്ചും വസ്‌തുതയാണ്‌. ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണ്‌ ഭക്ഷണക്രമത്തെ നിയന്ത്രിക്കേണ്ടത്‌. എന്നാല്‍ ജാതിയും മതവുമാണ്‌ ഒരാള്‍ എന്തു ഭക്ഷിക്കണമെന്നു തീരുമാനിക്കുന്നത്‌. ഇത്‌ തികച്ചും ശോചനീയവും ജാതി ഭീകരതയുമാണ്‌.
എ സവര്‍ണന്റെ ഭക്ഷണങ്ങള്‍ക്ക്‌ നല്‍കുന്ന വിശുദ്ധപദവി ജാതി രാഷ്ട്രീയത്തിന്റെ തിരിച്ചു വരവിനുള്ള മുന്നൊരുക്കമാണ്‌. ഇന്ന്‌ പശു വിശുദ്ധിയുടെ പ്രതീകമാകുമ്പോള്‍ നാളെ സസ്യാഹാരം മാത്രമേ കഴിക്കാന്‍ പാടുള്ളുവെന്ന നിയമം ഇവിടെ അടിച്ചേല്‍പ്പിക്കപ്പെടാം.ദളിതന്റെയും ന്യൂനപക്ഷത്തിന്റെയും ഭക്ഷണം അരുചിയുടെ പര്യായമാകുന്നതില്‍ ഒരു ജാതി രാഷ്ട്രീയത്തിന്റെ പരോക്ഷമായ വേരുകള്‍ തന്നെയാണ്‌. വര്‍ണ വെറി പൂണ്ടുയര്‍ത്തെഴുന്നേറ്റിരിക്കുന്ന ജാതി രാഷ്ട്രീയത്തിന്റെ തിരിച്ചുവരവിനായി നടത്തുന്ന മുന്നൊരുക്കങ്ങള്‍ നമ്മെ വരിഞ്ഞു മുറുക്കുവാന്‍ ഭീവത്സ രൂപം പൂണ്ടു പാഞ്ഞടുക്കുകയാണ്‌. ഈ ജാതി രാഷ്‌ട്രീയത്തിന്റെ ആദ്യപടിയാണ്‌ പശുവിന്റെ വിശുദ്ധ പദവി.