Breaking News

Trending right now:
Description
 
May 27, 2017

ന്യൂ ജേഴ്‌സിയില്‍ `ദിലീപ്‌ മെഗാഷോ' ഞായറാഴ്‌ച

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നര്‍മത്തിന്റെ മെഗാപൂരം ഈ ആഴ്‌ചയില്‍. മലയാളത്തിന്റെ മുന്‍നിര ഹാസ്യ സാമ്രാട്ടുകള്‍ ഒരുക്കുന്ന ചിരിയുടെ വെടിക്കെട്ട്‌ മേയ്‌ 28-ന്‌ ഞായറാഴ്‌ച വൈകുന്നേരം അരങ്ങേറും. മലയാള സിനിമയിലെ ചിരിയുടെ തമ്പുരാന്‍ സൂപ്പര്‍ സ്റ്റാര്‍ ദിലീപ്‌ നേതൃത്വം നല്‍കുന്ന ദിലീപ്‌ ഷോ എന്ന്‌ പേരിട്ടിരിക്കുന്ന ഹാസ്യ സ്റ്റേജ്‌ പരിപാടിയാണ്‌ ഞായറാഴ്‌ച വൈകുന്നേരം ന്യൂജേഴ്‌സിയില്‍ ലോഡായിലുള്ള ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ അരങ്ങേറുക. 1800-ല്‍ അധികം പേര്‍ക്ക്‌ ഇരിക്കാവുന്ന ഓഡിറ്റോറിയത്തിലെ വിസ്‌മയക്കാഴ്‌ച കാണാന്‍ ഇതിനകം പ്രധാന വിഭാഗങ്ങളിലെ സീറ്റുകള്‍ എല്ലാം തന്നെ വിറ്റഴിഞ്ഞു. വര്‍ധിച്ച ഡിമാന്‍ഡുമൂലം ഓഡിറ്റോറിയത്തിലെ ബാല്‍ക്കണിയും ബുക്ക്‌ ചെയ്‌തതായി സംഘാടകര്‍ അറിയിച്ചു. കൃത്യം ആറുമണിക്ക്‌ ഷോ ആരംഭിക്കും.

അമേരിക്കന്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അതിഭദ്രാസനത്തിന്റെ വിവിധ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ധനശേഖരണത്തിനായി നടത്തുന്ന ഈ പരിപാടിയുടെ വിപുലമായ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നതായി ജനറല്‍ കണ്‍വീനര്‍ ജോജി കാവനാല്‍, ജോയിന്റ്‌ കണ്‍വീനര്‍ സിമി ജോസഫ്‌ എന്നിവര്‍ അറിയിച്ചു.

സ്റ്റേജ്‌ ഷോകളുടെ ചക്രവര്‍ത്തിയായി മാറിയ രമേഷ്‌ പിഷാരടിയും ചക്രവര്‍ത്തിയുടെ തികഞ്ഞ അനുയായിയും 'പ്രധാനമന്ത്രി'യുമായ ധര്‍മജനും മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട്‌ ദിലീപിനൊപ്പം ഈ ഹാസ്യ കലാമാമാങ്കത്തിന്‌ ഒത്തുചേരുമ്പോള്‍ ചിരിയുടെ വരാനിരിക്കുന്ന കോലാഹലങ്ങള്‍ എന്തെന്ന്‌ പറഞ്ഞറിയിക്കേണ്ടതുണ്ടോ? ഈ ഷോയുടെ സംവിധായകനാകട്ടെ, മലയാള സ്‌റ്റേജ്‌ ഷോകള്‍ ഒരുക്കുന്നതില്‍ മൂന്നുപതിറ്റാണ്ടിലേറെ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന നാദിര്‍ഷയാണെന്നത്‌ പരിപാടിയുടെ വിജയത്തിന്റെ മറ്റൊരു കാരണം കൂടിയാണ്‌. കഴിഞ്ഞ ദിവസം ആരംഭിച്ച ദിലീപ്‌ ഷോ അമേരിക്കയിലങ്ങോളമിങ്ങോളം നിറഞ്ഞ സദസുകള്‍ കയ്യടക്കിയ ശേഷമാണ്‌ ഞായറാഴ്‌ച ന്യൂജേഴ്‌സിയിലെത്തുന്നത്‌. തിങ്കളാഴ്‌ച ന്യൂയോര്‍ക്കിലെ ഷോയ്‌ക്കുശേഷം സംഘം നാട്ടിലേക്ക്‌ പോകും.

ദിലീപിന്റെ നവവധുവും മലയാള സിനിമയില്‍ മലയാണ്മയുടെ പ്രതീകവുമായ കാവ്യാ മാധവനുള്‍പ്പെടെ നടീനടന്മാരുടെയും നൃത്തനൃത്യ കലാകാരന്മാരുടെയും വമ്പന്‍ പടതന്നെ നിരവധി ഹാസ്യകലാകാരന്മാര്‍ക്കൊപ്പം ചേരുമ്പോള്‍ ഈ മെഗാഷോ മറക്കാനാവാത്ത അനുഭവമായിരിക്കും ന്യൂജേഴ്‌സിയിലെ കലാ ആസ്വാദകര്‍ക്ക്‌ നല്‍കുക. ഒരോ സ്‌റ്റേജിലും വ്യത്യസ്‌തമായ നമ്പരുകള്‍ അവതരിപ്പിക്കാന്‍ തന്മയത്വമുള്ള പിഷാരടി - ധര്‍മരാജന്‍ കൂട്ടുകെട്ടിനൊപ്പം നിമിഷ ഫലിതങ്ങള്‍ ഉരുളയ്‌ക്കുപ്പേരി പോലെ അവതരിപ്പിക്കാന്‍ മിടുക്കനായ മഹാനടന്‍ ദിലീപുകൂടി ചേരുന്നതോടെ ചിരിയുടെ മാലപ്പടക്കം കൂട്ടപ്പൊരിച്ചിലാകുമെന്ന്‌ പറയേണ്ടതുണ്ടോ?

ന്യൂജേഴ്‌സിയില്‍ കെട്ടിടനിര്‍മാണ രംഗത്ത്‌ വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ വന്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ ബില്‍ഡേഴ്‌സ്‌ ആയ എം.എസ്‌.ബി ബില്‍ഡേഴ്‌സ്‌ ആണ്‌ ഈ പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍. ബിസിനസ്‌ രംഗത്ത്‌ എന്നപോലെ കലാ - സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം.എസ്‌.ബി ബില്‍ഡേഴ്‌സിന്റെ സാരഥി സജിമോന്‍ ആന്റണി സാമൂഹ്യ - ജീവകാരുണ്യ പ്രസ്ഥാന രംഗങ്ങളിലും നേതൃത്വം വഹിക്കുന്നയാളാണ്‌. മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂ ജേഴ്‌സി (മഞ്ച്‌) പ്രസിഡന്റ്‌, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങി നിരവധി സോഷ്യല്‍ സംഘടനകളുടെ സാരഥ്യം വഹിക്കുന്ന സജിമോന്‍ ബിസിനസ്‌ രംഗത്തെ ബഹുമുഖ പ്രതിഭയാണ്‌.

അതിവിദഗ്‌ധരായ സിവില്‍ എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഡ്രാഫ്‌റ്റ്‌സ്‌മാന്‍മാര്‍, പ്ലംബിംഗ്‌, ഇലക്ട്രിക്‌, ലാന്‍ഡ്‌സ്‌കേപ്പിംഗ്‌, മികച്ച മരപ്പണി വിദഗ്‌ധര്‍, റൂഫിംഗ്‌ വിദഗ്‌ധര്‍, പ്ലാനിംഗ്‌ വിദഗ്‌ധര്‍, പേപ്പര്‍ വര്‍ക്ക്‌ - ലൈസന്‍സ്‌, പെര്‍മിറ്റ്‌, നിയമോപദേശകര്‍ തുടങ്ങി കസ്റ്റമേഴ്‌സിനു വേണ്ട എല്ലാവിധ ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിദഗ്‌ധരുടെ സംഘമാണ്‌ എം.എസ്‌.ബി ബില്‍ഡേഴ്‌സിനു കീഴിലുള്ളത്‌ എന്ന്‌ എംഎസ്‌ബി ബില്‍ഡേഴ്‌സിന്റെ പങ്കാളിയായ മനോജ്‌ വട്ടപ്പള്ളില്‍ പറഞ്ഞു.

കെട്ടിട നിര്‍മാണത്തിനു പുറമേ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തും മികവ്‌ പുലര്‍ത്തുന്ന വ്യക്തിയാണ്‌ സജിമോന്‍. അതുകൊണ്ടുതന്നെ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചു കൊടുക്കാനും എം.എസ്‌.ബി ക്കു കഴിയുന്നു. ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക്‌ സ്ഥലം വാങ്ങി വീടു വയ്‌ക്കാന്‍ നടത്തേണ്ട എല്ലാ പേപ്പര്‍ വര്‍ക്കും കമ്പനി ചെയ്‌തു കൊടുക്കുന്നതിനാല്‍ കസ്റ്റമേഴ്‌സിന്‌ വലിയ തലവേദന ഒഴിവായിക്കിട്ടുന്നു, കസ്റ്റമേഴ്‌സിനു കമ്പനിയിലുള്ള വിശ്വാസ്യതയാണ്‌ നിര്‍മാണ രംഗത്തെ തന്റെ കുതിപ്പിനു കാരണമെന്ന്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൊമേഴ്‌സ്യല്‍ നിര്‍മാണ രംഗത്ത്‌ ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യസമയത്ത്‌ സത്യസന്ധമായി ചെയ്യുക അതാണ്‌ കമ്പനിയുടെ മോട്ടോ എന്ന്‌ അദ്ദേഹം വ്യക്തമാക്കി. പള്ളികള്‍, കോണ്‍വെന്റുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ നിര്‍മിക്കുന്ന എംഎസ്‌ബിക്ക്‌ വലിയ പ്രോജക്ടുകള്‍ ലഭിച്ചത്‌ മുന്‍ വര്‍ക്കുകളിലെ മേന്മകൊണ്ടാണ്‌.

കാവ്യാ മാധവനു പുറമേ നമിത പ്രമോദ്‌, പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി, ഹരിശ്രീ യൂസഫ്‌, സുധീര്‍ പറവൂര്‍, ഏലൂര്‍ ജോര്‍ജ്‌, സ്വാസ്‌തിക, സമദ്‌, വിനോദ്‌, ശ്രീജിത്ത്‌, ശരത്‌, അനില്‍ കുംബനാഥന്‍ തുടങ്ങി 26 പേരടങ്ങിയ വന്‍ താരനിരയാണ്‌ ഈ ഹാസ്യ -സംഗീത - നൃത്തപരിപാടിക്കായി ന്യൂജേഴ്‌സിയില്‍ എത്തുന്നത്‌.

മൂന്നു പതിറ്റാണ്ടായി സിനിമാ രംഗത്തും സ്‌റ്റേജ്‌ ഷോകളിലും മലയാളികളുടെ ഹാസ്യ സാമ്രാട്ടും അഭിനയ മികവുകൊണ്ട്‌ സൂപ്പര്‍ താരമായി മാറിയ ദിലീപിന്റെ സാന്നിധ്യമാണ്‌ ഷോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്‌. അടുത്തിടെ ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ നിശയില്‍ 'ധര്‍മരാജന്‌ ദേശീയ അവാര്‍ഡ്‌' എന്ന ടാഗില്‍ പിഷാരടി അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ്‌ നടത്തുന്ന 'ടി.വി. ഷോ വാഗ്വാദം' സോഷ്യല്‍ മീഡിയാകളില്‍ വൈറലായി മാറിയിരിക്കുന്നു. അവതരണത്തിലെ തനിമയും അനര്‍ഗളമായ സംഭാഷണവും സാങ്കേതികത്വവും പിഷാരടിയെ ഏറ്റവും മികച്ച കൊമേഡിയനാക്കുമ്പോള്‍ നടന്‍ ശ്രീനിവാസനുശേഷം വ്യക്തിത്വത്തെ പരിഹസിച്ചുകൊണ്ട്‌ സമൂഹത്തിനുനേരേ കണ്‍തുറക്കുന്ന ഹാസ്യാവതരണം നടത്തുന്ന ധര്‍മജനും കൂടുമ്പോള്‍ ഷോയുടെ ടേക്ക്‌ ഓഫ്‌ ഗംഭീരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഗാനമേളരംഗത്തെ വായാടി എന്നു വിശേഷിപ്പിക്കാവുന്ന റിമി ടോമി ഒറ്റയ്‌ക്കു മതി ഒരു ഹാസ്യ - ഗാനമേള വിജയിപ്പിക്കാന്‍. റിമി തന്നെ കോമഡിയും പറയും പാട്ടും പാടും. റിമി വാ തുറന്നാല്‍ ചിരിക്കാത്തവരാരാണുള്ളത്‌. തനി നിഷ്‌കളങ്കമായ വര്‍ത്തമാനങ്ങളെ തലകുലുക്കി ചിരിപ്പിക്കുന്ന ഒരു താരമാണ്‌ റിമി ടോമി. റിമിയുടെ സാമീപ്യം കൂടിയാകുമ്പോള്‍ ഫെലീഷ്യന്‍ കോളജിലെ ഓഡിറ്റോറിയത്തില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടി തീയും പുകയും ഉയരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

ടിക്കറ്റ്‌ നിരക്കുകള്‍: ഫാമിലി: $250, സിംഗിള്‍: $ 75, പ്രീമിയം ഫാമിലി: $500, വി.ഐ.പി ഫാമിലി $1500, വി.ഐ.പി സിംഗിള്‍ $750. ഇന്നലെ മുതല്‍ ആരംഭിച്ച ബാല്‍ക്കണി ടിക്കറ്റ്‌ യുവാക്കള്‍ക്കായി സ്‌പെഷല്‍ ഓഫര്‍ തുകയായി $ 50 ആണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. ജോജി കാവനാല്‍ 914 409 5385, സിമി ജോസഫ്‌ - 973 870 1720

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലെ വിപ്പനിയിലുള്ള സിറിയന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ, അതിരൂപതാധ്യക്ഷന്‍ എല്‍ദോ മാര്‍ തീത്തോസ്‌ (ടൈറ്റസ്‌) തിരുമേനിയുടെ ദീര്‍ഘവീക്ഷണവും നേതൃപാടവും കൊണ്ടു വന്‍വളര്‍ച്ചയാണ്‌ കൈവരിച്ചുകൊണ്ടിരിക്കുന്നത്‌. ആത്മീയരംഗത്തെ മികവിനു പുറമേ സഭാവിശ്വാസികളെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാന്‍ യുവത്വത്തിന്റെ പ്രസരിപ്പോടെ തിരുമേനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്‌. പത്തു വര്‍ഷം മുന്‍പ്‌ സിറയിയില്‍ നിന്ന്‌ മെത്രാഭിഷിക്തനായ അദ്ദേഹം അന്ന്‌ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാപ്പോലീത്തയായിരുന്നു. ഇന്നും മനസില്‍ യുവത്വം കാത്തുപാലിക്കുന്ന തിരുമേനി രൂപം നല്‍കിയ ഭദ്രാസന കൗണ്‍സില്‍ യുവരക്തം കൊണ്ട്‌ നിറഞ്ഞതിനാല്‍ മറ്റേതു സഭയ്‌ക്കും മാതൃകയാകാവുന്ന ഉജ്വല പ്രവര്‍ത്തനങ്ങളാണ്‌ നടന്നുവരുന്നത്‌. പുതിയ അതിമെത്രാസനാസ്ഥാനം, പുതിയ ഇടവക പള്ളികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ ഈ യുവനേതൃത്വത്തിനു കഴിഞ്ഞു. ഈ പരിപാടിയുടെ സംഘാടക സമിതി കണ്‍വീനര്‍ ജോജി കാവനാല്‍, ജോയിന്റ്‌ കണ്‍വീനര്‍ സിമി ജോസഫ്‌ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി അശ്രാന്ത പരിശ്രമമാണ്‌ നടത്തി വരുന്നത്‌. ചെറുപ്പക്കാരായ ഈ യുവ നേതൃത്വത്തിന്റെ ഊര്‍ജസ്വലതയോടെയുള്ള നേതൃപാടവമാണ്‌ ഇതിനു മുമ്പും പല പരിപാടികളും വന്‍ വിജയമാക്കി മാറ്റിയത്‌.

പ്രധാന ടിക്കറ്റുകള്‍ ഏതാണ്ട്‌ വിറ്റഴിഞ്ഞുവെങ്കിലും അവസാന റൗണ്ട്‌ ടിക്കറ്റ്‌ വില്‍പനയിലാണ്‌ സംഘാടകര്‍. ഫാമിലി $250, സിംഗിള്‍ $ 75, പ്രീമിയം ഫാമിലി $500, വി.ഐ.പി ഫാമിലി $1500, വി.ഐ.പി സിംഗിള്‍ $750 ഇന്നലെ മുതല്‍ ആരംഭിച്ച ബാല്‍ക്കണി സിംഗിള്‍ യുവാക്കള്‍ക്കായി സ്‌പെഷല്‍ ഓഫര്‍ $50 എന്നിങ്ങനെയാണ്‌ ടിക്കറ്റ്‌ നിരക്കുകള്‍.

ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: ജോജി കാവനാല്‍: 914 - 409- 5385, സിമി ജോസഫ്‌: 973-870-120, ജോസ്‌ ഏബ്രഹാം 718-619-7719, ഏബ്രഹാം മാത്യു 973-704-5680, തമ്പി പനയ്‌ക്കല്‍ 845-607-1500, ജോര്‍ജ്‌ കുഴിയാഞ്ഞാല്‍ 914-886-8158, ജയിംസ്‌ ജോര്‍ജ്‌ 973-985-8432. ന്യൂ ജേഴ്‌സിയിലെ ഫെലീഷ്യന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ ഞായാറാഴ്‌ച വൈകുന്നേരം ആറുമുതല്‍ ഹാസ്യത്തിന്റെ നൃത്ത സംഗീതം പൂരങ്ങളുടെയും ഇടിമിന്നല്‍ മുഴങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാതോര്‍ക്കുക.