Breaking News

Trending right now:
Description
 
May 23, 2017

റോഡിനു കുറുകെ കയര്‍ വലിച്ചുകെട്ടുന്നത്‌ അപകടമുണ്ടാക്കും

image ആലപ്പുഴ: വാഹനം കടന്നുപോകാതിരിക്കാന്‍ റോഡിനു കുറുകെ കയര്‍ വലിച്ചു കെട്ടുന്ന പൊലീസിന്റെ നടപടി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അപകടസാധ്യതയുള്ള ഈ നടപടി ഒഴിവാക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും അധികൃതര്‍ അവഗണിക്കുകയാണ്‌. ജില്ലാ കോടതി പാലം ജംക്ഷനുകളില്‍ വര്‍ഷങ്ങളായി ചരടും കേബിളും വലിച്ചുകെട്ടിയാണ്‌ വാഹനങ്ങള്‍ നിരോധിച്ചിരിക്കുന്നത്‌. നാലുമാസംമുമ്പ്‌ പ്രത്യേക നിരോധനത്തിന്റെ ഭാഗമായി കേബിളിനു പകരം കയറാക്കി. അശാസ്‌ത്രീയമായും തികച്ചും അപകടകരവുമാണ്‌ ഈ നടപടി. റോഡിനു കുറുകെ കയര്‍കെട്ടുന്നത്‌ അപകടസാധ്യതയുണ്ടാക്കുമെന്നു അസോസിയേഷന്‍ പലതവണ ചൂണ്ടികാണിച്ചിട്ടുണ്ട്‌. രാത്രികാലങ്ങളില്‍ റോഡിനു കുറുകെ കയര്‍ ഉണ്ടെന്നറിയാതെ വാഹനയാത്രികരും കാല്‍നടയാത്രികരും അപകടത്തില്‍പെടുന്നത്‌ പതിവാണ്‌. റോഡ്‌ ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനു പകരമായാണ്‌ കയര്‍കെട്ടിയുള്ള പൊലീസിന്റെ എളുപ്പവഴി.വഴിനീളെ താഴ്‌ന്നും പൊട്ടിയും കിടക്കുന്ന ടെലിവിഷന്‍, ഇന്റര്‍നെറ്റ്‌, വൈദ്യുതി കേബിളുകള്‍ തടസമില്ലാതെ ഉയര്‍ത്തിക്കെട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്‌. റോഡുവക്കില്‍ ഇട്ടിരിക്കുന്ന ഭൂഗര്‍ഭ കേബിള്‍ ചുരുളുകളും കഷണങ്ങളും അപകടങ്ങള്‍ ഉണ്ടാകുന്നതിനു മറ്റൊരു കാരണമാണ്‌. വര്‍ഷങ്ങളായി അവയും കിടന്നിടത്തുതന്നെ കിടക്കുകയാണ്‌. ബന്ധപ്പെട്ട വകുപ്പുകളുടെ അലംഭാവമാണ്‌ ഇതിനുകാരണം.