Breaking News

Trending right now:
Description
 
Jan 21, 2013

ഏജന്‍സി വാക്കുപാലിച്ചില്ല, തൊഴിലും പണവും നഷ്ടപ്പെട്ട്‌ ഖത്തറിലെ 24 മെയില്‍ നഴ്‌സുമാര്‍ക്ക്‌ നാട്ടിലേയ്‌ക്ക്‌

image
കൊച്ചി പനമ്പള്ളി നഗറിലെ ഏജന്‍സി വഴി ഖത്തറില്‍ ജോലിയ്‌ക്കായി ശ്രമിച്ച 24 മെയില്‍ നഴ്‌സുമാരും എംബിഎക്കാര്‍ അടക്കമുള്ള പ്രഫഷണലുകളും ജോലി കിട്ടാതെ കനത്ത കടവുമായി നാട്ടിലേയ്‌ക്ക്‌. അല്‍ റാഫി ഇന്റര്‍നാഷണല്‍ ഏജന്‍സിയാണ്‌ ഇവരെ വിസിറ്റിംഗ്‌ വിസയില്‍ ഖത്തറിലെത്തിച്ചത്‌. ഏജന്‍സിയുടെ കേരളത്തിലെ നടത്തിപ്പുകാരനായ ജമാലുദ്ദിന്റെ സഹോദരി സീനത്തിന്റെ പേരിലാണ്‌ ഏജന്‍സിയുടെ ലൈസന്‍സ്‌. ഖത്തറിലുള്ള സീനത്ത്‌ തിങ്കളാഴ്‌ച നാട്ടിലേയ്‌ക്ക്‌ തിരിക്കാനുള്ള പരിപാടിയിലാണെന്ന്‌ അറിയുന്നു. 

കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി 24 നഴ്‌സുമാരും എംബിഎക്കാരുമാണ്‌ 1,75,000 രൂപ രേഖകളില്ലാതെ ഏജന്‍സിയെ വിശ്വസിപ്പിച്ച്‌ ഏല്‌പ്പിച്ച്‌ ഖത്തറില്‍ വിസിറ്റിങ്ങ്‌ വിസയില്‍ എത്തി ജോലി കിട്ടാതെ വലഞ്ഞത്‌. കൈയില്‍ കാല്‍ക്കാശില്ലാതെ ഖുബ്ബൂസും പരിപ്പു കറിയും കഴിച്ച്‌ മൂന്നുമാസം ഒരിടുങ്ങിയ മുറിയില്‍ കഴിയേണ്ടി വന്നു ഇവര്‍ക്ക്‌. ഗ്ലോബല്‍ മലയാളം ഇവരുടെ ദുരവസ്ഥ പുറത്ത്‌ കൊണ്ടുവന്നതിനെ തുടര്‍ന്ന്‌ ഏജന്‍സി പേരു പ്രസിദ്ധീകരിക്കരുതെന്നും പതിനഞ്ച്‌ ദിവസത്തിനകം എല്ലാവര്‍ക്കും തൊഴില്‍ ശരിയാക്കി നല്‌കാമെന്നും ഈ തട്ടിപ്പ്‌ പുറത്തുകൊണ്ടുവരാന്‍ സഹായിച്ച യുണൈറ്റഡ്‌ നഴ്‌സസ്‌ പ്രവാസി അസോസിയേഷന്‍ ഗള്‍ഫ്‌ കോര്‍ഡിനേറ്റര്‍ നൗഫല്‍ പുളിങ്ങത്തിന്‌ ഉറപ്പു നല്‌കിയിരുന്നു. 

എന്നാല്‍ ഉറപ്പുകള്‍ എല്ലാം പാഴായി. വിസ കാലാവധി കഴിഞ്ഞ നാലു പേര്‍ക്ക്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങേണ്ടി വന്നു. ബാക്കി പന്ത്രണ്ടു പേരുടെ വിസ കാലാവധി അടുത്ത ദിവസം തന്നെ കഴിയും. അതോടെ അവര്‍ക്കും നാട്ടിലേയ്‌ക്ക്‌ മടങ്ങാം. വെറുകയ്യോടെയല്ല, കടമെടുത്ത പണത്തിന്റെ മുതലും പലിശയും എങ്ങനെ വീട്ടണമെന്ന്‌ അറിയാതെ ഭീതിയും നാണക്കേടുമായി. തട്ടിപ്പിനെക്കുറിച്ച്‌ ഇന്ത്യന്‍ എംബസിയിലും പ്രധാനമന്ത്രിക്കും പ്രവാസികാര്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‌കുമെന്ന്‌ തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

ജോലി കിട്ടാതെ തട്ടിപ്പിനിരയായ നഴ്‌സുമാരുടെ പണം തിരികെ കിട്ടിയില്ലെങ്കില്‍ ഏജന്‍സിയുടെ മുന്നില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ യുണൈറ്റ്‌ഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

കഴിഞ്ഞ ജനുവരി പത്താം തീയതി വിസ കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങേണ്ടി വന്നവര്‍ക്ക്‌ നാട്ടില്‍ എത്തിയാലുടന്‍ പണം തിരികെ തരാമെന്നായിരുന്നു ഏജന്‍സി പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്‌. എന്നാല്‍ തിരികെ നാട്ടിലെത്തിയവര്‍ക്ക്‌ പണം നല്‌കാതെ കബളിപ്പിക്കുക എന്ന സമീപനമാണ്‌ ഏജന്‍സി സ്വീകരിച്ചിരിക്കുന്നത്‌. നഴ്‌സിംഗ്‌ സംഘടനയായ യുഎന്‍എയും ഈ വിഷയം ഏറ്റെടുത്തതോടെ കമാലുദ്ദിന്‍ മടങ്ങി വന്നവരില്‍ ഒരാള്‍ക്ക,്‌ പ്രവീണ്‍ എന്നൊരാളുടെ പേരിലുള്ള എസ്‌ബിടിയുടെ കൂര്‍ക്കാഞ്ചേരി ബ്രാഞ്ചിലുള്ള ഒരു പോസ്‌റ്റ്‌ ഡേറ്റഡ്‌ ചെക്ക്‌ നല്‌കി. ഇതിനെ ചോദ്യം ചെയ്‌ത ബാക്കിയുള്ളവര്‍ക്ക്‌ ചെക്ക്‌ നല്‌കാതെ ഒഴിവു കഴിവ്‌ പറഞ്ഞ്‌ ഓരോ ദിവസവും കമാലുദ്ദീന്‍ മുങ്ങി നടക്കുകയാണെന്ന്‌ യുഎന്‍എ ഭാരവാഹികള്‍ വ്യക്തമാക്കി. ചൊവ്വാഴ്‌ച പണം തിരികെ നല്‌കാമെന്നാണ്‌ ടൂര്‍ ആന്‍ഡ്‌ കണ്‍സല്‍ട്ടന്റിന്റെ നേതാവും കേരളകോണ്‍ഗ്രസ്‌ ബിയുടെ എറണാകുളം പ്രസിഡന്റുമായ ബിജു ഇവരോട്‌ പറഞ്ഞിരിക്കുന്നത്‌. 

ഇതിന്റെ വാസ്‌തവമറിയാന്‍ ഞങ്ങളുടെ ലേഖകന്‍ വിളിച്ചപ്പോള്‍ കമാലുദ്ദിന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌. "കബളിപ്പിക്കല്‍ നടന്നിരുന്നുവെങ്കില്‍ അവര്‍ക്ക്‌ പരാതി നല്‌കുമായിരുന്നില്ലേ, അവര്‍ യാതൊരു പരാതിയും നല്‌കിയിട്ടില്ല. ഇതൊരു നുണക്കഥയാണ്‌, സത്യം ചൊവ്വാഴ്‌ച പറയാം."

ഖത്തറിലുള്ള നഴ്‌സുമാരുടെ മാതാപിതാക്കളെ വിളിച്ച്‌ നഴ്‌സുമാരെ എത്രയും പെട്ടെന്ന്‌ മടങ്ങി വരാന്‍ പ്രേരിപ്പിക്കണമെന്നും അല്ലെങ്കില്‍ അവര്‍ കരിമ്പട്ടികയില്‍ പെടുമെന്നും പോലീസ്‌ പിടിച്ചാല്‍ പിന്നെ ഒരിക്കലും ഖത്തറില്‍ എത്താന്‍ പറ്റില്ലായെന്നുമാണ്‌ ഏജന്‍സി പറയുന്നത്‌. മാതാപിതാക്കളുടെ സമ്മര്‍ദ്ദവും മാനസിക ക്ലേശവുമായി എന്തുചെയ്യണമെന്നറിയാതെ തികച്ചും ഒറ്റപ്പെട്ട നിലയിലാണ്‌ ഇവര്‍. 

ഇവര്‍ ഇവിടെ നിന്ന്‌ ഖത്തറിലേയ്‌ക്ക്‌ കയറി പോകുമ്പോള്‍ ഏജന്‍സി പറഞ്ഞിരുന്നത്‌ ഹിറ്റാച്ചി കമ്പനിയില്‍ ജോലി ശരിയായെന്നും അവിടെ ചെന്നാലുടന്‍ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ നല്‌കാമെന്നുമായിരുന്നു. ഖത്തറില്‍ എത്തി മൂന്നാഴ്‌ച കഴിഞ്ഞിട്ടും ആര്‍ക്കും ജോലി ശരിയാക്കികൊടുക്കുവാന്‍ ഏജന്‍സിയ്‌ക്ക്‌ കഴിഞ്ഞില്ല. ഖത്തറിലെ ഏജന്റായ സീനത്തിനോട്‌ ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ്‌ പിന്‍മാറി. അവസാനം വാര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ `ഗള്‍ഫ്‌ റിസോഴ്‌സ്‌ മാന്‍പവ്വര്‍ എന്ന കണ്‍സള്‍ട്ടിംങ്‌ കമ്പനി`യില്‍ ഇവരുടെ പേര്‌ രജിസ്റ്റര്‍ ചെയ്‌തു. അതില്‍ നാലുപേര്‍ക്ക്‌ അമേരിക്കന്‍ ഫ്രഞ്ച്‌ കമ്പനിയില്‍ 4500 റിയാലിന്‌ ജോലി ശരിയാക്കി നല്‌കി. ചെയ്യുന്നത്‌ നഴ്‌സിന്റെ ജോലിയാണെങ്കിലും വിസാ കിട്ടിയതാവട്ടെ ടൈല്‍ വര്‍ക്കിനുള്ള ലേബര്‍ വീസയും. ഇവരുടെ പാസ്‌പോര്‍ട്ടില്‍ ഇത്‌ രേഖപ്പെടുത്തുന്നതോടെ പിന്നീട്‌ ഇവര്‍ക്ക്‌ ഒരിക്കലും രജിസ്റ്റേര്‍ഡ്‌ നഴ്‌സായി ജോലി ലഭിക്കില്ലന്നാണ്‌ നഴ്‌സുമാര്‍ പറയുന്നത്‌. ലേബര്‍ വിസയില്‍ ജോലിയ്‌ക്ക്‌ കയറിയവരില്‍ നാലുപേരില്‍ മൂന്നുപേര്‍ ബിഎസ്‌എസി നഴ്‌സുമാരാണ്‌. 

കഴിഞ്ഞ വര്‍ഷം മേയില്‍ കേരളത്തിലെ പ്രമുഖ ദിനപത്രത്തില്‍ ഖത്തറിലേയ്‌ക്ക്‌ നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ്‌ ഇവര്‍ ഏജന്‍സിയെ സമീപിച്ച്‌ പണം നല്‌കിയത്‌. 1,25,000 രൂപ ആദ്യം നല്‌കി. പിന്നീട്‌ ഏജന്‍സി ആവശ്യപ്പെട്ട പ്രകാരം 50,000 രൂപ കൂടി നല്‌കി. ഖത്തറില്‍ ശരിയായിരിക്കുന്ന ജോലിയ്‌ക്ക്‌ 6500 ഖത്തര്‍ റിയാല്‍ ശമ്പളം ഉണ്ടെന്ന്‌ വിശ്വസിപ്പിച്ചായിരുന്നു അധികപണം വാങ്ങിയത്‌. പിന്നീട്‌ പോകുവാന്‍ വൈകിയതിനെ തുടര്‍ന്ന്‌ ഏജന്‍സി ഇവരോട്‌ വിസിറ്റിംഗ്‌ വിസയില്‍ ഖത്തറില്‍ എത്തുവാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആറാം തീയതി അവര്‍ക്ക്‌ പ്രമുഖ കമ്പനിയില്‍ ജോലി ശരിയായിട്ടുണ്ടെന്നും ഓഫര്‍ ലെറ്റര്‍ വന്നിട്ടുണ്ടെന്നുമാണ്‌ ഏജന്‍സി അവകാശപ്പെട്ടിരുന്നത്‌. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ കാണിക്കാമെന്നായിരുന്നു ഏജന്‍സി പറഞ്ഞിരുന്നത്‌. പിന്നീട്‌ ഖത്തറില്‍ എത്തുമ്പോള്‍ എന്നായി. അങ്ങനെ ഇല്ലാത്ത ജോലിയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരുന്നത്‌ മൂന്നുമാസം. 

എല്ലാവര്‍ക്കും തൊഴില്‍ കണ്ടെത്തി കൊടുക്കാമെന്നാണ്‌ ഗള്‍ഫിലെ ഏജന്റായ സീനത്ത്‌ അവകാശപ്പെട്ടിരുന്നത്‌. ഇവരില്‍ ഒരാള്‍ ഖത്തറിലെ ഒരു പരിചയക്കാരന്‍ വഴി സ്വന്തംനിലയ്‌ക്ക്‌ ജോലി കണ്ടെത്തിയിരുന്നു. ഇയാള്‍ക്കുള്ള എന്‍ഒസി നല്‌കണമെങ്കില്‍ ഏജന്‍സിയ്‌ക്ക്‌ നല്‌കിയ പണം ഉപേക്ഷിക്കുകയും ജോലി നല്‌കുന്ന കമ്പനിയുടെ കണ്‍ഫര്‍മേഷന്‍ ലെറ്ററിന്റെ കോപ്പി നല്‌കണമെന്നുമാണ്‌ ഏജന്‍സിയുടെ വാദം.

ഇവര്‍ ഏജന്‍സിയില്‍ പണം നല്‌കുന്നതിന്‌ മുമ്പ്‌ ഏജന്‍സി ഇതിനു മുമ്പ്‌ ജോലി നല്‌കിയവരുടെ രേഖകള്‍ കാണിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്‍സി ഇവരെ കാണിച്ച കണ്‍ഫര്‍മേഷന്‍ ലെറ്ററിന്റെ കഥ ഇവര്‍ തിരിച്ചറിഞ്ഞത്‌ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന്‌ മനസിലായതിനു ശേഷമാണ്‌. ഇവരെ പോലെ ആറു പേര്‍ വിസിറ്റിംഗ്‌ വിസയില്‍ ഖത്തറില്‍ എത്തി. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന്‌ മനസിലായ അവര്‍ സ്വന്തം നിലയ്‌ക്ക്‌ ജോലി തേടി പിടിച്ചു. അവര്‍ കണ്ടെത്തിയ ജോലിയുടെ ക്രെഡിറ്റാണ്‌ ഇപ്പോള്‍ ഏജന്‍സി സ്വന്തം പേരിലാക്കി അനേകം നഴ്‌സുമാരെ കാണിച്ച്‌ വഞ്ചിക്കുന്നത്‌. ഇപ്പോഴും ഏജന്‍സിയുടെ ഓഫീസ്‌ സജീവമാണെന്ന്‌ യുഎന്‍എ പ്രവര്‍ത്തകര്‍ വിശദമാക്കി.