Breaking News

Trending right now:
Description
 
May 17, 2017

ഓപി കൗണ്ടറുകളിലെ ക്യൂ നിശ്ചയിക്കുന്നത്‌ ജീവനക്കാരുടെ മനോസ്ഥിതി അനുസരിച്ച്‌!

image ആലപ്പുഴ: ഔട്ട്‌ പേഷ്യന്റ്‌ (ഒപി) ടിക്കറ്റ്‌ നല്‍കുന്ന കൗണ്ടറുകളില്‍ പുരുഷന്‍, സ്‌ത്രീ എന്നു വേര്‍തിരിച്ച്‌ എഴുതിവയ്‌ക്കാതെ അപ്പപ്പോള്‍ കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരുടെ മനോസ്ഥിതി അനുസരിച്ച്‌ ക്യു നിശ്ചയിച്ച്‌ ടിക്കറ്റ്‌ വിതരണം ചെയ്യുന്നതിനെതിരെ പരാതി. ആലപ്പുഴ മെഡിക്കല്‍കോളജ്‌ ആശുപത്രിക്കു കീഴിലുള്ള ചെട്ടികാട്‌ റൂറല്‍ ഹെല്‍ത്ത്‌ ട്രെയിനിങ്‌ സെന്ററിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ മെഡിക്കല്‍ ഓഫിസര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ രോഗികള്‍ പരാതി നല്‍കി. രണ്ടു കൗണ്ടറുകളാണ്‌ ഉള്ളത്‌. ചികിത്സതേടി എത്തുന്ന രോഗികള്‍ ഒന്നിനു മുമ്പില്‍ അരമണിക്കൂറെങ്കിലും ക്യൂനിന്നു കൗണ്ടറില്‍ എത്തുമ്പോഴാണ്‌ കൗണ്ടര്‍ മാറിയാണ്‌ നില്‍ക്കുന്നതെന്നു ജീവനക്കാര്‍ പറയുന്നത്‌. ഇത്‌ തര്‍ക്കത്തിനും വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്‌. ഈ കൗണ്ടറുകളില്‍ സ്‌ത്രീയെന്നോ പുരുഷനെന്നോ രേഖപ്പെടുത്താത്തതാണ്‌ ഇതിനുകാരണം. പലപ്പോഴും രണ്ടാമത്‌ ക്യൂനിന്നു ഒപി ടിക്കറ്റെടുക്കാന്‍ ഒറ്റയ്‌ക്കു എത്തുന്ന അവശരായ രോഗികള്‍ക്ക്‌ സാധിക്കില്ല. ഇതേതുടര്‍ന്ന്‌ ഇവരില്‍ പലരും സ്വകാര്യ ആശുപത്രിയിലേക്കു പോവുകുന്നത്‌ വര്‍ധിച്ചു. ഡോക്ടര്‍ക്കു മരുന്നുകുറിക്കാനുള്ള തുണ്ടുകടലാസ്‌ രണ്ടുരൂപ ഫീസ്‌ വാങ്ങി നല്‍കുക മാത്രമാണ്‌ കൗണ്ടറിലുള്ളവരുടെ ജോലി. ഇല്ലാത്ത നിയമത്തിന്റെ പേരുപറഞ്ഞ്‌ ടിക്കറ്റ്‌ പുതുക്കി നല്‍കാതിരിക്കുന്നതിനെയും അതുവഴി ചികിത്സ നിഷേധിക്കുന്നതിനെയും രോഗികള്‍ പരാതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്‌. ആശുപത്രി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതുജനങ്ങളുമായി നിരന്തരം ഇടപെടേണ്ട അന്വേഷണ വിഭാഗത്തില്‍ നിയോഗിക്കുന്ന ജീവനക്കാര്‍ മനുഷ്യത്വവും സഹാനുഭൂതിയുള്ളവരും ആകാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) ആവശ്യപ്പെട്ടു.