Breaking News

Trending right now:
Description
 
May 16, 2017

കോട്ടയത്ത്‌ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു

image കോട്ടയത്ത്‌ മീനച്ചിലാറിന്റെ ചെമ്മനംപടി ചിറക്കാട്ട്‌ കടവില്‍ കുളിക്കാനിറങ്ങിയ സഹോദരിസഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു. ഗാന്ധിനഗര്‍ വടയാറ്റേട്ടില്‍ വി.ജെ.കുഞ്ഞുമോന്റെ മകന്‍ നോബിള്‍ ജോസഫ്‌ (15), ആര്‍പ്പൂക്കര കോലേട്ടമ്പലം വെള്ളാപ്പള്ളില്‍ വി.ജെ.ജോസഫിന്റെ മകന്‍ ജിത്തു ജോസഫ്‌ (15) എന്നിവരാണ്‌ മരിച്ചത്‌. നോബിളിന്റെ പിതാവ്‌ കുഞ്ഞുമോന്റെ സഹോദരിയായ കുഞ്ഞുമോളുടെ മകനാണ്‌ ജിത്തു. പത്താംക്ലാസ്‌ പരീക്ഷ ജയിച്ച നോബിളും ജിത്തുവും പ്ലസ്‌ വണ്ണിനു ചേരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ്‌ ദുരന്തമുണ്ടായത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ സൈക്കിളില്‍ കടവില്‍ എത്തിയ ഇരുവരും വസ്‌ത്രങ്ങളും ചെരിപ്പും സൈക്കിളില്‍വച്ചശേഷം കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കടവിനു സമീപത്തെ ചുഴിയില്‍പെട്ട ഇരുവരും മുങ്ങിത്താഴുന്നത്‌ ചൂണ്ടയിടാന്‍ എത്തിയ സമീപവാസിയായ സംസാരശേഷികുറഞ്ഞ അനന്തു എന്ന കുട്ടികണ്ടു. ഉടന്‍തന്നെ അനന്തു അമ്മയെ വിവരം അറിയിച്ചു. തുടര്‍ന്നാണ്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോട്ടയത്തുനിന്നു അഗ്നിശമന സേന എത്തിയാണ്‌ മൃതദേഹങ്ങള്‍ കണ്ടെടുത്തത്‌. ജിത്തുവിന്റെ സംസ്‌കാരം ഇന്നു നാലിനു കുടമാളൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍. നോബിളിന്റെ സംസ്‌കാരം ബുധനാഴ്‌ച രാവിലെ 10ന്‌ മുടിയൂര്‍ക്കര തിരുക്കുടുംബ ദേവലയ സെമിത്തേരിയില്‍ നടത്തും.